കടബ (ദക്ഷിണ കന്നട) : കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കടബ താലൂക്കിലെ കട്രുപാടിക്കടുത്ത് മീനാടിയിലാണ് അതിരാവിലെ കാട്ടാന ആക്രമണത്തില്‍ രഞ്ജിത, രമേശ് റായി എന്നിവര്‍ കൊല്ലപ്പെട്ടത്. പേരഡ്ക പാല്‍ സൊസൈറ്റിയിലെ ജീവനക്കാരിയായ രഞ്ജിത വീട്ടിലേക്ക് മടങ്ങവെയാണ് കാട്ടാന ആക്രണത്തിനിരയാകുന്നതും കൊല്ലപ്പെടുന്നതും.
ഈ സമയത്ത് പ്രദേശത്തുണ്ടായിരുന്നതിനാലാണ് സമീപവാസിയായ രമേശ് റായിയും കാട്ടാനയുടെ ആക്രമത്തിനിരയാകുന്നത്. ഗുരുതരമായി പരിക്കേറ്റതോടെ ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു. കാട്ടാനയെ കണ്ടതോടെ ഇരുവരും രക്ഷപ്പെട്ട് ഓടാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. പ്രദേശത്ത് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം പ്രദേശവാസികള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രദേശത്ത് കാട്ടാനശല്യം വര്‍ധിക്കുകയാണെന്നും പലതവണ പരാതിപ്പെട്ടിട്ടും വനം വകുപ്പ് നിസ്സംഗത പാലിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. പലതവണ ഇതുസംബന്ധിച്ച് പരാതി എഴുതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും പ്രദേശവാസികള്‍ അറിയിച്ചു.
അതേസമയം പ്രദേശത്തെ കാട്ടാന ശല്യത്തെക്കുറിച്ച് മര്‍ദല്‍ സ്വദേശിയായ യുവാവ് ഫേസ്‌ബുക്കില്‍ പങ്കുവച്ചിരുന്നു. ഇത് പഞ്ചായത്ത് ഭരണസമിതിക്ക് മുന്നിലും എത്തിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതിരുന്ന അധികാരികളുടെ അലംഭാവത്തില്‍ പ്രതിഷേധിച്ച് വനം മന്ത്രിയും ജില്ല കലക്‌ടറും പ്രദേശത്ത് എത്താതെ മൃതദേഹം നീക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന് അറിയിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഡിഎഫ്‌ഒ നേരിട്ടെത്തി വൈകുന്നേരത്തോടെ ആനയെ പിടികൂടുമെന്ന് ഉറപ്പുനല്‍കി. പ്രദേശത്തെ കാട്ടാനയെ മെരുക്കാനായി നാഗർഹോള്‍, ദുബാരെ എന്നിവിടങ്ങളില്‍ നിന്ന് കുങ്കിയാനകളെ എത്തിക്കുമെന്നും ഡിഎഫ്‌ഒ വ്യക്തമാക്കിയതോടെയാണ് ജനം അയഞ്ഞത്.