ഛത്ര(ജാര്‍ഖണ്ഡ്): ഉറങ്ങി കിടക്കവെ ഭര്‍ത്താവിനെ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീകൊടുത്ത് ഭാര്യ. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലെ ഭൂയാൻ ടോളി ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ വിനോദ് ഭാരതിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തി പൊലീസ് വിനോദ് ഭാരതിയുടെ ഭാര്യ റുണ്ടി ദേവിയെ അറസ്‌റ്റ് ചെയ്‌തു. ഇതിന് മുമ്പും റുണ്ടി ദേവി ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവരുടെ ഇടയിലെ പ്രശ്‌നം പരിഹരിക്കാന്‍ നാട്ടുകൂട്ടം ഗ്രാമത്തില്‍ കൂടിയിരുന്നു.
മദ്യപിച്ചതിന് ശേഷം തന്നെ ഭര്‍ത്താവ് നിരന്തരം മര്‍ദിക്കാറുണ്ടെന്ന് റുണ്ടി ദേവി പറഞ്ഞു. മര്‍ദനം സഹിക്കെവയ്യാതെയാണ് ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്‌തത്. സംഭവം നടന്ന ദിവസവും ഭര്‍ത്താവ് തന്നെ മര്‍ദിച്ചിരുന്നു. അയാള്‍ ഉറങ്ങാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. ഉറങ്ങിയതിന് ശേഷം കെട്ടിയിട്ട ശേഷം തീകൊടുക്കുകയായിരുന്നുവെന്നും റുണ്ടി ദേവി പൊലീസിനോട് പറഞ്ഞു.
കത്തിയതിന്‍റ മണം വമിച്ചതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ റുണ്ടിദേവിയുടെ വീട്ടിലേക്ക് ഓടികൂടിയത്. ഹസാരിബാഗ് മെഡിക്കല്‍ കോളജിലാണ് വിനോദ് ഭാരതി ചികിത്സയിലുള്ളത്.