അമരാവതി: ആന്ധ്രാപ്രദേശിൽ ഭർത്താവിന് സയനൈഡ് നൽകി കൊലപ്പെടുത്തിയ ഭാര്യയും മൂന്ന് കൂട്ടാളികളും അറസ്റ്റിൽ. ഗുണ്ടൂർ ജില്ലയിലെ തയല്ലൂരുവിലാണ് സംഭവം.
വിവാഹേതര ബന്ധമുള്ള സ്‌ത്രീ ഭർത്താവ് ബ്രഹ്മയ്യയെ കൊലപ്പെടുത്താനായി 10 ലക്ഷം രൂപ നൽകി വാടക കൊലയാളികളെ ഏർപ്പെടുത്തുകയായിരുന്നു. തുടർന്ന്, ഈ മാസം നാലാം തിയതി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബ്രഹ്മയ്യയെ വഴിയിൽ വച്ച് അക്രമികൾ തടയുകയും സയനൈഡ് മുഖത്തേക്ക് ഒഴിക്കുകയും ചെയ്‌തു. അക്രമികളിൽ നിന്നും വീട്ടിലേക്ക് ഓടി രക്ഷപ്പെട്ട ബ്രഹ്മയ്യയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, യാത്രമധ്യേ ഇയാൾ മരിച്ചു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് കൊല്ലപ്പെട്ട ബ്രഹ്മയ്യയുടെ ഭാര്യ സായ്‌കുമാരിയും അശോക് റെഡ്ഡിയെന്നയാളും തമ്മിൽ വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ബ്രഹ്മയ്യയെ കൊല്ലാൻ ഇരുവരും പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ അശോക് റെഡ്ഡി സമ്മതിച്ചു. സംഭവത്തിൽ ഭാര്യയെയും അശോക് റെഡ്ഡിയെയും കൊലപാതകം നടത്തിയ രണ്ടുപേരെയും അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.