ജയ്‌പൂര്‍ : രാജസ്ഥാനില്‍ വിധവയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ (Widow Drugged Raped) സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. പഹാരി ഗ്രാമവാസിയായ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. ഭരത്‌പൂരിലെ ഹോട്ടല്‍ മുറിയില്‍ (Widow Rapped in Rajasthan) വച്ചാണ് യുവതി തുടര്‍ച്ചയായി 14 ദിവസം കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് പൊലീസ് ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 19) പറഞ്ഞു.
സംഭവത്തില്‍ ആറ് പേര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജോറ്റ്‌ലി സ്വദേശിയായ അന്‍സു, ഷാദി വാസ് സ്വദേശിയായ ഇല്യാസ്, ധര്‍മശാല സ്വദേശിയായ അക്‌തര്‍, ജെഷേദില്‍ സ്വദേശിയായ ഗുല്‍പദ, ജെക്കം സ്വദേശികളായ റോസ്‌ഗര്‍ എന്നിവര്‍ക്കെതിരെയാണ് കമാന്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : പഹാരി സ്വദേശിയായ യുവതി ഭര്‍ത്താവിന്‍റെ മരണശേഷം തന്‍റെ മക്കളെ സ്വന്തം വീട്ടിലേക്ക് അയച്ചു. എന്നാല്‍ ഏതാനും നാളുകള്‍ക്ക് ശേഷം ചില കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മക്കളുമായി വീടുവിട്ടിറങ്ങിയ യുവതി ഗുല്‍പദയിലേക്ക് പോയി ജോലി അന്വേഷിച്ചു. എന്നാല്‍ ഇവിടെ ജോലി ലഭിക്കാനുള്ള സാധ്യത കുറവായതിനാല്‍ സിക്രിയിലേക്ക് പോയി.
ഇവിടെ വച്ചാണ് കേസിലെ പ്രതിയായ അന്‍സു എന്നയാളെ പരിചയപ്പെട്ടത്. ഇതിനുപിന്നാലെ മക്കളുമായി ഒരുമിച്ച് താമസിക്കാമെന്ന് പറഞ്ഞ് അന്‍സു ഒരു വീട് തരപ്പെടുത്തി നല്‍കി. എന്നാല്‍ താമസ സ്ഥലം തൃപ്‌തികരമല്ലെന്ന് തോന്നിയ യുവതി മക്കളുമായി ഗുല്‍പദയിലേക്ക് തിരിച്ച് മടങ്ങാന്‍ തീരുമാനിച്ചു. അതിനിടെയാണ് ജോലിയും താമസ സ്ഥലവും തരപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ച് അന്‍സു വീണ്ടും യുവതിയെ ഫോണില്‍ ബന്ധപ്പെട്ടത്.
ജോലി തരപ്പെടുത്തിയെന്ന് അറിയിച്ചത് പിന്നാലെ അൻസുവും മറ്റ് അഞ്ച് പേരടങ്ങുന്ന സംഘവും സ്ഥലത്തെത്തി യുവതിയെയും മക്കളെയും കൂട്ടി വീട്ടുസാധനങ്ങള്‍ സഹിതം ടെമ്പോയില്‍ യാത്ര തിരിച്ചു. യാത്രയ്‌ക്കിടെ ടെമ്പോയിലെ ഡ്രൈവര്‍ യുവതിക്ക് ശീതള പാനീയം നല്‍കി. ഇത് കുടിച്ച യുവതി അബോധാവസ്ഥയിലായി. തുടര്‍ന്ന് യുവാക്കള്‍ യുവതിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
കോസി റോഡിലെ ഒരു ഹോട്ടലിലാണ് തന്നെ എത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കിയതെന്നും യുവതി പരാതിയില്‍ പറയുന്നു. 14 ദിവസം തുടര്‍ച്ചയായി കൂട്ടബലാത്സംഗത്തിനിരയാക്കിയതിന് ശേഷം യുവതിയെയും മക്കളെയും ഹോട്ടലില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്നും ഡിഎസ്‌പി ദേശ് രാജ് കുല്‍ദീപ് പറഞ്ഞു.