നാഗ്‌പൂര്‍ : ഗ്യാന്‍വ്യാപി മസ്‌ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന വിവാദം മുറുകുമ്പോള്‍ നിര്‍ണായക പരാമര്‍ശവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. എന്തിനാണ് എല്ലാ മുസ്ലിം പള്ളികളിലും ശിവലിംഗം തിരയുന്നതെന്ന ചോദ്യമാണ് മോഹന്‍ ഭാഗവത് ഉയര്‍ത്തിയത്. ഒരോ ദിവസവും പുതിയ ഇത്തരം വിവാദങ്ങള്‍ ഉയര്‍ത്തികൊണ്ടുവരരുതെന്നും അദ്ദേഹം പറഞ്ഞു.
'ചരിത്രത്തെ നമുക്ക് മാറ്റാന്‍ സാധിക്കില്ല. ഇപ്പോള്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഹിന്ദുക്കളോ മുസ്ലിങ്ങളോ അതിന് ഉത്തരവാദികളല്ല. ഭാരതത്തില്‍ ഇസ്ലാം മതം വന്നത് ആക്രമണത്തിലൂടെയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യം ആഗ്രഹിച്ച ജനങ്ങളുടെ മനോബലം തകര്‍ക്കാന്‍ ഹിന്ദു ആരാധനാലയങ്ങള്‍ തകര്‍ത്തിട്ടുണ്ട്' - ആര്‍എസ്എസ് അംഗങ്ങള്‍ക്കായുള്ള പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
'തര്‍ക്കങ്ങള്‍ രൂക്ഷമാകാന്‍ പാടില്ല, ഗ്യാന്‍വ്യാപിയില്‍ നമുക്ക് ആരാധനാപരമായ കാര്യങ്ങള്‍ ഉണ്ട്. പക്ഷേ എന്തിനാണ് എല്ലാ മസ്‌ജിദുകളിലും ശിവലിംഗം തിരയുന്നത് ?' - മോഹന്‍ ഭാഗവത് ചോദിച്ചു. ഇന്നത്തെ ഇന്ത്യയിലെ മുസ്ലിങ്ങളുടെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്നുള്ള ആര്‍എസ്‌എസിന്‍റെ നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്‌തു.
ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്കെതിരായി ചിന്തിക്കുന്നില്ല. ഹിന്ദുക്കള്‍ക്ക് ആരാധനപരമായി പ്രാധാന്യമുള്ള ഇടങ്ങള്‍ തകര്‍ത്തത് സ്വാതന്ത്ര്യം നിഷേധിക്കാനും അവരുടെ മനോബലം തകര്‍ക്കാനുമായിരുന്നു എന്നുള്ളത് കൊണ്ടാണ് അവ പുനഃസ്ഥാപിക്കണമെന്ന് ഹിന്ദുക്കള്‍ കരുതുന്നത്. പരസ്പര ധാരണയിലൂടെ ഹിന്ദുക്കളും മുസ്ലിങ്ങളും തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തര്‍ക്കങ്ങള്‍ കോടതിയില്‍ എത്തിയാല്‍ കോടതിയുടെ വിധി ഇരുപക്ഷവും അംഗീകരിക്കണം. എല്ലാ മതങ്ങളുടേയും ആരാധനാസമ്പ്രദായങ്ങള്‍ പരിപാവനമായിട്ടാണ് തങ്ങള്‍ കരുതുന്നത്. ഒരേ പൂര്‍വികരുടെ തലമുറകളാണ് ഇന്ത്യയിലെ എല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു.