ബെംഗളൂരു: മനുഷ്യ സാന്നിധ്യം ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് ശാസ്‌ത്രജ്ഞര്‍ വിശ്വസിക്കുന്നതിനാലാണ് ചന്ദ്രയാന്‍ 3ന്‍റെ ലാന്‍ഡിങ്ങിന് (Chandrayaan 3 soft landing) ദക്ഷിണ ധ്രുവം (South pole of lunar surface) തെരഞ്ഞെടുത്തത് എന്ന് ഐഎസ്‌ആര്‍ഒ മേധാവി എസ് സോമനാഥ് (ISRO Chief S Somanath). 'ഏകദേശം 70 ഡിഗ്രിയുള്ള ദക്ഷിണ ധ്രുവത്തിനടുത്താണ് നമ്മള്‍ പോയിരിക്കുന്നത്. സൂര്യനില്‍ നിന്നുള്ള പ്രകാശം കുറയുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണ ധ്രുവത്തിന് ഒരു പ്രത്യേക നേട്ടമുണ്ട്. കൂടുതല്‍ ശാസ്‌ത്രീയ ഘടകങ്ങള്‍ ഉള്ളതിനാല്‍ ഒരു സാധ്യതയുണ്ട്' - എസ് സോമനാഥ് പ്രതികരിച്ചു.
'ചന്ദ്രനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശാസ്‌ത്രജ്ഞര്‍ ദക്ഷിണ ധ്രുവത്തില്‍ വളരെയധികം താത്‌പര്യം പ്രകടിപ്പിച്ചു. കാരണം മനുഷ്യരെ എത്തിച്ച് മനുഷ്യ സാന്നിധ്യം ചന്ദ്രനില്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള സാധ്യത ദക്ഷിണ ധ്രുവത്തില്‍ ഉണ്ടെന്ന് കരുതുന്നതിനാല്‍ ദക്ഷിണ ധ്രുവം തെരഞ്ഞെടുക്കുകയായിരുന്നു' -ഐഎസ്‌ആര്‍ഒ മേധാവി എസ് സോമനാഥ് കൂട്ടിച്ചേര്‍ത്തു. മുന്നോട്ടുള്ള ഗോളാന്തര പര്യവേഷണങ്ങള്‍ക്കുള്ള ഇടത്താവളമായി ദക്ഷിണ ധ്രുവത്തെ ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.
ലോകം തന്നെ അക്ഷമയോടെ കാത്തിരുന്ന ഇന്ത്യയുടെ അഭിമാന പദ്ധതി ചന്ദ്രയാന്‍ 3 ഇന്നലെ (ഓഗസ്റ്റ് 23) ആണ് ചന്ദ്രോപരിതലത്തില്‍ തൊട്ടത്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ നേരത്തെ പ്രതീക്ഷിച്ചതുപോലെ തന്നെ വൈകിട്ട് 6.04ന് വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങി. രാജ്യം മുഴുവന്‍ ചന്ദ്രയാന്‍ 3ന്‍റെ സോഫ്‌റ്റ് ലാന്‍ഡിങ് തത്സമയം കണ്ടു.
ചന്ദ്രയാന്‍ 3 വിജയിച്ചതോടെ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. വിവിധ രാജ്യങ്ങളുടെ തലവന്‍മാര്‍ അടക്കം നിരവധി ലോക നേതാക്കളാണ് ഇന്ത്യയ്‌ക്ക് അഭിനന്ദനവുമായി എത്തിയത്. ബ്രിക്‌സ് ഉച്ചകോടിയ്‌ക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓണ്‍ലൈനായി ചേര്‍ന്ന് സോഫ്‌റ്റ് ലാന്‍ഡിങ്ങിന് സാക്ഷിയായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചന്ദ്രയാന്‍ 3ന്‍റെ വിജയാഘോഷങ്ങള്‍ നടന്നു.
രാജ്യത്തിന്‍റെ സ്വപ്‌ന പദ്ധതിയായിരുന്ന ചന്ദ്രയാന്‍ 2ന്‍റെ പരാജയത്തെ തുടര്‍ന്നാണ് കൂടുതല്‍ മെച്ചപ്പെട്ട സജ്ജീകരണങ്ങളോടെ തുടര്‍ പദ്ധതിയായ ചന്ദ്രയാന്‍ 3 തയാറാക്കിയത്. ചന്ദ്രയാന്‍ 3 ഫലപ്രാപ്‌ത്തിയില്‍ എത്തിയതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറി. നേരത്തെ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്.