ന്യൂഡല്‍ഹി : കമ്പനിയുടെ ഓഹരികള്‍ കൂപ്പുകുത്തി ജീവിതത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നുപോവുകയാണ് ലോകത്തെ ശതകോടീശ്വരന്മാരില്‍ മൂന്നാമനായിരുന്ന ഇപ്പോള്‍ ഏഴാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ട ഗൗതം അദാനി. 1998 ല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം തട്ടിക്കൊണ്ടുപോയ, 11 വർഷത്തിന് ശേഷം മുംബൈയിലെ താജ് ഹോട്ടലില്‍ തീവ്രവാദികള്‍ ആക്രമണം നടത്തുമ്പോള്‍ ബന്ദിയാക്കപ്പെടുകയും ചെയ്‌ത അദാനി, കടന്നുവന്ന കനല്‍ വഴികള്‍ പരിഗണിക്കുമ്പോള്‍, നിലവിലെ പ്രതിസന്ധി അദ്ദേഹത്തെ ഭീതിപ്പെടുത്തുന്നതാവില്ലെന്ന് വിലയിരുത്തുന്നവരുണ്ട്. ആ ആത്മവിശ്വാസമാണ്, കോളജില്‍ നിന്ന് പഠിത്തം പൂര്‍ണമാക്കാതെ ഇറങ്ങിത്തിരിച്ച യുവാവിനെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ നിരയിലേക്ക് നയിച്ചതെന്ന് അദ്ദേഹത്തിന്‍റെ അനുകൂലികള്‍ വാഴ്‌ത്തുന്നു.
അദാനി കമ്പനിയുടെ ഓഹരി വില്‍പനകളിലെ കൃത്രിമത്വം ചൂണ്ടിക്കാണിച്ച് ഷോർട്ട് സെല്ലിംഗിൽ വൈദഗ്‌ധ്യമുള്ള ന്യൂയോർക്കിലെ ഒരു കുഞ്ഞന്‍ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട വെളിപ്പെടുത്തലുകള്‍ പ്രഹരമേല്‍പ്പിച്ചത് ഗൗതം അദാനി കമ്പനിയുടെ മൂര്‍ദ്ധാവിലാണ്. ഇതോടെ തുടര്‍ച്ചയായ രണ്ട് ട്രേഡിങ് സെഷനുകളില്‍ 50 ബില്യണ്‍ യു.എസ് ഡോളറിലധികം വിപണി മൂല്യമിടിഞ്ഞ് അദാനി കമ്പനിക്ക് 20 ബില്യണ്‍ ഡോളറിലധികം നഷ്‌ടം സംഭവിച്ചു.
അതായത് ഗൗതം അദാനിയുടേതായുള്ള ആകെ സമ്പാദ്യത്തിന്‍റെ ഉദ്ദേശം അഞ്ചിലൊന്ന് നഷ്‌ടത്തിലായി. മാത്രമല്ല ലോകത്തെ സമ്പന്നരില്‍ ബിൽ ഗേറ്റ്‌സിനും വാറൻ ബഫെറ്റിനും പിന്നിലായി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന 60 കാരനായ അദാനിയെ ഹിൻഡൻബർഗ് റിസര്‍ച്ച് ചെന്നെത്തിച്ചത് ഇവര്‍ക്ക് പിന്നിലായി ഏഴാം സ്ഥാനത്തേക്കാണ്.
'ഒരു കോടീശ്വരന്‍റെ' ജനനം : ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു ജൈന കുടുംബത്തിലായിരുന്നു ഗൗതം അദാനിയുടെ ജനനം. കൗമാരത്തില്‍ കോളജ് പഠനം പാതിയില്‍ അവസാനിപ്പിച്ച് അദ്ദേഹം മുംബൈയിലേക്ക് താമസം മാറി. അവിടെ രത്നവ്യാപാരികള്‍ക്കൊപ്പം രത്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ചുറപ്പിക്കുന്ന ഡയമണ്ട് സോര്‍ട്ടറായി ജോലി ചെയ്‌തുവരുമ്പോഴാണ് അദാനിക്ക് മൂത്ത സഹോദരന്‍റെ വിളിവരുന്നത്.
അതിന്‍റെ ഭാഗമായി അഹമ്മദാബാദില്‍ അദാനിയുടെ കുടുംബം നടത്തിവന്നിരുന്ന പിവിസി ഫിലിം ഫാക്‌ടറിയില്‍ ജേഷ്‌ഠന്‍ മഹാസുഖ്ഭായിയെ സഹായിക്കാനായി 1981 ല്‍ അദ്ദേഹം മടങ്ങി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 1988 ല്‍ അദാനി എക്‌സ്‌പോര്‍ട്‌സിന് കീഴിലായി ഒരു ചരക്ക് വ്യാപാര സ്ഥാപനം അദ്ദേഹം ആരംഭിച്ചു. തുടര്‍ന്ന് 1994 ല്‍ സ്ഥാപനം ഓഹരികളില്‍ പട്ടികപ്പെടുത്തുകയും ചെയ്‌തു. ഈ സ്ഥാപനമാണ് പിന്നീട് അദാനി എന്‍റർപ്രൈസസായി മാറുന്നതും അദാനി എന്ന കോടീശ്വരനെ വളര്‍ത്തുന്നതും.
കൊള്ളസംഘത്തിന്‍റെ പിടിയില്‍ : സ്വന്തമായി ഒരു സംരംഭം ആരംഭിച്ച് ഏതാണ്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് അദാനിയെ കൊള്ളസംഘം തട്ടിക്കൊണ്ടുപോകുന്നത്. 1998 ജനുവരി ഒന്നിന് പുതുവര്‍ഷത്തില്‍ അഹമ്മദാബാദിലെ കർണാവതി ക്ലബ്ബിൽ നിന്ന് കാറിൽ പുറപ്പെട്ട അദാനിയെയും സുഹൃത്ത് ശാന്തിലാൽ പട്ടേലിനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഏതാണ്ട് രണ്ട് ദശലക്ഷം യു.എസ് ഡോളര്‍ വിലയിട്ടായിരുന്നു ഗുണ്ടാസംഘാംഗങ്ങളായ ഫസ്‌ലു റഹ്‌മാനും ഭോഗിലാൽ ദർജി എന്ന മാമയും അദാനിയെയും സുഹൃത്തിനെയും പിടിച്ചുകൊണ്ടുപോകുന്നത്. എന്നാല്‍ ഇവരെ ഒരു ദിവസത്തിന് ശേഷം വെറുതെ വിടുകയായിരുന്നുവെന്നും തട്ടിക്കൊണ്ടുപോയ ഗുണ്ടാസംഘത്തെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടെന്നുമാണ് പിന്നീട് അറിയുന്നത്. അതേസമയം ഇവരെ വിട്ടുകിട്ടാന്‍ മോചനദ്രവ്യം കൈമാറിയോ എന്നത് ഇന്നും ഉത്തരം ലഭിക്കാതെ തന്നെ അവശേഷിക്കുന്നു.
തീവ്രവാദികള്‍ക്ക് നടുവില്‍ : 2008 നവംബര്‍ 26 ന് ദുബായ് പോർട്ട് സിഇഒ മുഹമ്മദ് ഷറഫിനൊപ്പം മുംബൈയിലെ താജ് ഹോട്ടലില്‍ സത്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു അദാനി. ഈ സമയം ബില്ലുകള്‍ അടയ്ക്കാനായി പുറത്തിറങ്ങുന്നതിനിടെ ചായ കുടിച്ച് രണ്ടാംഘട്ട ചര്‍ച്ചകള്‍ തുടരാമെന്ന് അദ്ദേഹത്തിന് വിവരം ലഭിക്കുന്നു. ഇതോടെ പുറത്തുപോകുന്നത് ഒഴിവാക്കി അദാനി അവിടെ തന്നെ തുടരുന്നു. ഈ സമയത്താണ് രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടക്കുന്നത്.
160 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ആദ്യം ഹോട്ടലിന്‍റെ അടുക്കളയിലേക്കും പിന്നീട് ബേസ്‌മെന്‍റിലേക്കും ജീവനക്കാര്‍ക്കൊപ്പം അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് രാവിലെ കമാൻഡോകൾ രക്ഷപ്പെടുത്തുമ്പോള്‍ അദാനി എന്ന ഇന്ത്യന്‍ അതിസമ്പന്നന്‍ രാത്രി ചെലവഴിച്ചത് ബേസ്മെന്‍റിലും ഹാളിലുമായിരുന്നു.
ബില്ലടയ്‌ക്കാനായി പുറത്തുപോയിരുന്നുവെങ്കില്‍ ആക്രമണത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടേനെയെന്ന് അദാനി പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 27 ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ തന്‍റെ സ്വകാര്യ വിമാനത്തിൽ അദ്ദേഹം വന്നിറങ്ങിയത് "ഞാൻ വെറും 15 അടി അകലെ മരണം കണ്ടു" - എന്ന വെളിപ്പെടുത്തലുമായാണ്.