ന്യൂഡല്‍ഹി: ഭരണഘടന സ്ഥാപനങ്ങൾ ലക്ഷ്മണരേഖ ലംഘിക്കരുതെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. നിയമപരമായാണ് ഭരണനിർവഹണം നടക്കുന്നതെങ്കിൽ സുപ്രീംകോടതി ഇടപെടില്ല. മുഖ്യമന്ത്രിമാർ, ഹൈകോടതി ചീഫ് ജസ്റ്റിസുമാർ എന്നിവരുടെ സംയുക്ത സമ്മേളനത്തിലാണ് എൻ.വി രമണയുടെ പരാമർശം.
കോടതി വിധികൾ സർക്കാറുകൾ പലപ്പോഴും കൃത്യസമയത്ത് നടപ്പാക്കാറില്ല. നിയമനിർമ്മാണം ഞങ്ങളുടെ വിഷയമല്ല. ജനങ്ങൾ പരാതിയുമായി മുന്നിലെത്തിയാൽ അത് പരിഗണിക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്തുകളും മുനിസിപാലിറ്റികളും കൃത്യമായി ജോലി ചെയ്യുന്നുവെങ്കിൽ ജനങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വരില്ല. പൊലീസ് കേസന്വേഷണം കൃത്യമായി നടത്തുന്നുവെങ്കിലും കസ്റ്റഡിയിലെ പീഡനം അവസാനിക്കുകയാണെങ്കിലും ഇതേ സാഹചര്യമാണുണ്ടാകുകയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
നേരത്തെ നിയമനിർമാണത്തിൽ ഉൾപ്പടെ മോദി സർക്കാർ ചർച്ചകൾക്ക് അവസരം നൽകുന്നില്ലെന്ന വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയെ വേദിയിലിരുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
നിയമനിർവഹണം വ്യക്തമായ ചർച്ചകളിലൂടെ വേണം. നിയമങ്ങളിലെ അവ്യക്തതകൾ കോടതിയുടെ ഭാരം കൂട്ടും. ഹൈക്കോടതികളിൽ പ്രാദേശിക ഭാഷയിൽ വാദത്തിന് അനുമതി നൽകണം. ഭാഷാ പ്രാവീണ്യമല്ല നിയമ പരിജ്ഞാനമാണ് വേണ്ടത്. ജഡ്‌ജിമാരുടെ തസ്‌തികകളിലെ ഒഴിവുകൾ നികത്തണമെന്നും തസ്‌തികകളുടെ എണ്ണം വർധിപ്പിക്കണമെന്നും ചീഫ് ജസ്‌റ്റിസ് അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് നീതിപൂർവം പ്രവർത്തിക്കണം. നിയമവിരുദ്ധമായ അറസ്‌റ്റും പീഡനവും മറ്റും തടയണമെന്നും ജസ്‌റ്റിസ് എൻ.വി രമണ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു എന്നിവരും യോഗത്തിൽ പങ്കെടുത്തു.