റാഞ്ചി : അഡീഷണൽ ജില്ല ജഡ്‌ജിയെ കൊലപ്പെടുത്തിയ കേസിൽ വാട്ട്‌സ്ആപ്പ് മേധാവിയെ വിളിച്ചുവരുത്താന്‍ സിബിഐക്ക് ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് ഡോ.രവിരഞ്ജൻ, ജസ്റ്റിസ് സുജിത് നാരായൺ പ്രസാദ് എന്നവരടങ്ങുന്ന ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനിക്ക് നോട്ടിസ് നൽകി.
2021 ജൂലൈ 28നാണ് അഡീഷണൽ ജില്ല ജഡ്‌ജി ഉത്തം ആനന്ദ് (49) കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കിടെ പിന്നിൽ നിന്ന് വന്ന ഓട്ടോറിക്ഷ അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ജഡ്‌ജിയുടെ മരണത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്‌ത പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു ബഞ്ച്.
ALSO READ:ഭിന്നശേഷിക്കാർക്ക് പൂർണമായും സിവിൽ സർവീസിലേക്ക് അപേക്ഷിക്കാം: സുപ്രീം കോടതി
കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വിശദാംശങ്ങൾ ശേഖരിക്കാൻ സിബിഐയ്‌ക്ക് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ സ്വകാര്യതാനയങ്ങൾ ചൂണ്ടിക്കാട്ടി വാട്‌സ്ആപ്പ് ഇത് നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് വാട്ട്‌സ് കമ്പനിയുടെ മേധാവിയെ വിളിച്ചുവരുത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം ഇന്ത്യന്‍ മേധാവിയെയാണോ അതോ വാട്ട്സ് ആപ്പിന്‍റെ അന്താരാഷ്ട്ര തലവനെയാണോ വിസ്‌തരിക്കാന്‍ വിളിപ്പിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. ഒരാഴ്‌ചയ്ക്ക് ശേഷം കേസിൽ വാദം കേൾക്കും.