ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ മാര്‍ച്ച് മാസം മാത്രം ഏകദേശം 47 ലക്ഷം വാട്‌സ്‌ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചുവെന്ന് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ് . അതില്‍ 17 ലക്ഷം അക്കൗണ്ടുകളും ഉപയോക്താക്കളില്‍ നിന്നും പരാതികള്‍ വരുന്നത് മുന്‍കൂട്ടി കണ്ടാണ് നിരോധിച്ചതെന്ന് കമ്പനി അറിയിച്ചു. ഫെബ്രുവരി മാസത്തില്‍ മാത്രം 46 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകളായിരുന്നു വാട്‌സ്‌ആപ്പ് നിരോധിച്ചത്.
+91 എന്ന് തുടങ്ങുന്ന ഫോണ്‍ നമ്പറുകളില്‍ നിന്നാണ് ഇന്ത്യന്‍ അക്കൗണ്ടുകളെ തിരിച്ചറിയുക. കൃത്യമായ കണക്കുകള്‍ പ്രകാരം 2023 വര്‍ഷത്തില്‍ മാര്‍ച്ച് മാസം ഒന്നാം തീയതി മുതല്‍ 31-ാം തീയതി വരെ ഏകദേശം 4,715,906 വാട്‌സ്‌ആപ്പ് അക്കൗണ്ടുകളാണ് നിരോധിച്ചത്. അതില്‍ ഉപയോക്താക്കളില്‍ നിന്നും ഏതെങ്കിലും തരത്തില്‍ പ്രതികരണമുണ്ടാകുന്നതിന് മുമ്പ് 1,659,385 അക്കൗണ്ടുകളും നിരോധിച്ചു.
നിരോധനം സുരക്ഷ ഉറപ്പാക്കാന്‍: ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ പരാതികളിന്‍ മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിനാണ് നിരോധനത്തിന് കാരണമായത്. 17 ലക്ഷത്തോളം അക്കൗണ്ടുകള്‍ നിരോധിച്ചത് ഉപയോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. മെസേജിങ് പ്ലാറ്റ്‌ഫോമില്‍ മോശം പെരുമാറ്റം കണ്ടെത്തി തടയുന്നതിന് പുതിയ നടപടി സഹായകമാകുമെന്നാണ് വാട്‌സ്‌ആപ്പിന്‍റെ കണ്ടെത്തല്‍.
ദോഷകരമായ എന്തെങ്കിലും സംഭവിച്ചതിന് ശേഷം അത് കണ്ടെത്തുന്നതിനെക്കാള്‍ നല്ലത് ദോഷകരമാകാത്ത വിധം തടയുന്നതാണെന്നും അതിനാല്‍ അക്കൗണ്ടുകള്‍ നിരോധിക്കുന്നതിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. രജിസ്‌ട്രേഷന്‍, സന്ദേശമയയ്‌ക്കല്‍, നെഗറ്റീവ് ഫീഡ്ബാക്ക് എന്നിങ്ങനെ മൂന്ന് ഘട്ടത്തിലായാണ് ദുരുപയോഗം കണ്ടെത്തുന്നത്.
പുത്തന്‍ ഫീച്ചര്‍: അതേസമയം, ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിന്‍റെ അവസാനത്തോടെ ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ഫോണുകളില്‍ ഒരേ വാട്‌സ്‌ആപ്പ് അക്കൗണ്ട് മള്‍ട്ടി-ഡിവൈസ് ലോഗിന്‍ ഫീച്ചര്‍ വഴി ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്‌ആപ്പ്. പുതിയ ഫീച്ചറില്‍ മൊബൈല്‍ ഫോണിന് പുറമെ നാല് ഇടങ്ങളില്‍ വാട്‌സ്‌ആപ്പ് ഇനി മുതല്‍ ലോഗിന്‍ ചെയ്യുവാന്‍ സാധിക്കും. ഈ അപ്‌ഡേറ്റ് ആഗോളതലത്തില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകാന്‍ തുടങ്ങിയിട്ടുണ്ടെന്നും വരും ആഴ്‌ചകളില്‍ ഇത് എല്ലാവര്‍ക്കും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.
'ഉപയോക്താക്കള്‍ വളരെയധികം അഭ്യര്‍ഥിച്ച ഒരു സവിശേഷത ഇതാ കമ്പനി നടത്താന്‍ പോകുന്നു. ഇപ്പോള്‍ നിങ്ങളുടെ ഫോണിനെ നാല് അധിക ഉപകരണങ്ങളില്‍ ഒരേ സമയം ലിങ്ക് ചെയ്യാം. വെബ് ബ്രൗസറുകള്‍, ടാബ്‌ലെറ്റുകള്‍, ഡെസ്‌ക്‌ടോപ്പുകള്‍ എന്നിവയില്‍ നിങ്ങള്‍ വാട്‌സ്‌ആപ്പുമായി ലിങ്ക് ചെയ്യുമ്പോള്‍ ലിങ്ക് ചെയ്‌തിരിക്കുന്ന ഓരോ ഉപകരണവും വാട്‌സ്‌ആപ്പിലേയ്‌ക്ക് സ്വതന്ത്രമായി കണക്‌ട് ചെയ്യുന്നു. നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങളും മീഡിയയും കോളുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്‌റ്റ് ചെയ്‌തിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നുവെന്ന്' വാട്‌സ്‌ആപ്പ് അറിയിച്ചു.
പുതിയ ഫീച്ചര്‍ വരുന്നതോടെ ഒരു ഉപകരണത്തില്‍ നിന്ന് ലോഗൗട്ട് ചെയ്‌ത് പുതിയ ഉപകരണത്തില്‍ ലോഗിന്‍ ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാകും. വാട്‌സ്‌ആപ്പില്‍ നിങ്ങള്‍ക്ക് ഒരു ബിസിനസ് അക്കൗണ്ട് ആണ് ഉള്ളതെങ്കില്‍ മള്‍ട്ടി-ഡിവൈസ് ലോഗിന്‍ ഫീച്ചര്‍ മുഖേന പലയാളുകള്‍ക്ക് ഒരേ സമയം പലയിടത്ത് നിന്നായി ഉപയോക്താക്കളോട് സംസാരിക്കുവാനും സാധിക്കുന്നു.