ഹൈദരാബാദ്: നിരന്തരമായി ഇടപഴകുന്നവര്‍ക്ക് പോലും തലവേദനയാകാറുള്ള ഒന്നാണ് ആദായ നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. ഒരുപടി കൂടി കടന്ന് ആദായ നികുതി റിട്ടേണിലേക്ക് കടക്കുമ്പോള്‍ അല്‍പം കൂടി തല പുകയ്‌ക്കേണ്ടതായുണ്ട്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള റിട്ടേൺ രേഖകൾ ലഭ്യമാക്കിയതിനാലും ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയം അതിക്രമിച്ചതോടെയും നികുതിദായകരും ഓട്ടത്തിലാണ്. അതേസമയം റിട്ടേൺ ഫയൽ ചെയ്യുമ്പോൾ പിശകുകൾ ഒഴിവാക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്നതില്‍ നികുതിദായകര്‍ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഫോമാണ് മെയിന്‍: ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത് അനുസരിച്ച് ഓഡിറ്റ് ആവശ്യമില്ലാത്തവർ ജൂലൈ 31നകം തന്നെ നികുതി റിട്ടേൺ സമർപ്പിക്കണം. ചില ഓഫിസുകളിൽ ഇതിനായി ഫോറം-16 ഇതിനോടകം നൽകിയിട്ടുമുണ്ട്. ഈ ഫോമിനെ അടിസ്ഥാനമാക്കുന്നവര്‍ക്ക് റിട്ടേണ്‍ പ്രക്രിയ എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും. അതേസമയം ആദായ നികുതി വകുപ്പിന്‍റെ ഫോറം തെരഞ്ഞെടുക്കുന്നതില്‍ വരുന്ന പിശകാണ് പലരെയും വട്ടം കറക്കാറുള്ളത്. ഇത് ഒഴിവാക്കാന്‍ ശരിയായ ഫോറം കണ്ടെത്തി ഫയല്‍ എന്നത് തന്നെയാണ്. ഇതിനായി ആദായ നികുതി വകുപ്പിന്‍റെ (ഐടി) ഫോറങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ പുലര്‍ത്തേണ്ടതും അത്യാവശ്യമാണ്.
ഫോമുകള്‍ പലതരം: പ്രധാനമായും ഏഴുതരം ആദായ നികുതി റിട്ടേണ്‍ ഫോമുകളാണുള്ളത്. ശമ്പളം, വീട്ടിൽ നിന്നുള്ള വരുമാനം, പലിശ തുടങ്ങിയവയായി 50 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾക്ക് ഐടിആര്‍-1 ഫോറം ഫയൽ ചെയ്യാം. അവിഭജിത ഹിന്ദു കുടുംബാംഗങ്ങള്‍ക്കും സംഘടനകള്‍ക്കും അവരുടെ വരുമാനം 50 ലക്ഷത്തിന് മുകളിലാണെങ്കില്‍ ഐടിആര്‍-4 തെരഞ്ഞെടുക്കാം. എന്നാല്‍ വരുമാനം 50 ലക്ഷം രൂപയിൽ കൂടുതലും ഒരു ഭവനത്തില്‍ നിന്നുമാണെങ്കില്‍ അത്തരക്കാര്‍ക്ക് ഐടിആര്‍-2 ഫയല്‍ ചെയ്യാം.
പ്രൊഫഷനലുകളിലേക്ക് കടന്നാല്‍ ഐടിആര്‍-1, ഐടിആര്‍-2, ഐടിആര്‍-3 ഇവയില്‍ ഏതാണ് ഫയല്‍ ചെയ്യേണ്ടതെന്നാണ് അവരെ സംബന്ധിച്ച് അലട്ടുന്ന വിഷയം. ഷെയറുകളിൽ ബന്ധപ്പെടുന്നയാളുകളാണെങ്കില്‍ നടത്തുന്ന ഇടപാടിനെ ആശ്രയിച്ച് ഐടിആര്‍-2 അല്ലെങ്കില്‍ ഐടിആര്‍-3 തെരഞ്ഞെടുക്കാം. ഇവ കൂടാതെയുള്ള മറ്റ് ഫോറങ്ങള്‍ പ്രധാനമായും കമ്പനികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ബാധകമായവയാണ്. അതുകൊണ്ടുതന്നെ വ്യക്തികള്‍ക്ക് ഇതില്‍ തലപുകയ്‌ക്കേണ്ടതായില്ല.
അല്‍പം ശ്രദ്ധ അപകടം ഒഴിവാക്കും: ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിലേക്ക് കടന്നാല്‍ ഓരോ വ്യക്തിയും തങ്ങളുടെ എല്ലാ വരുമാനവും വ്യക്തമാക്കേണ്ടതുണ്ട്. ചിലര്‍ ചില വരുമാനങ്ങളെക്കുറിച്ച് ബോധപൂര്‍വം കണ്ണടുക്കുന്നത് വഴി ആദായ നികുതി വകുപ്പിന്‍റെ നോട്ടിസുകള്‍ അവരെ കാത്തിരിക്കുന്നു എന്ന വസ്‌തുത കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. അതായത് ചില വ്യക്തികളെ സംബന്ധിച്ച് അവര്‍ ശമ്പളം മാത്രമാണ് റിട്ടേണില്‍ ഉള്‍പ്പെടുത്തുക. മറ്റൊരു വശത്ത് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ, ഇൻഷുറൻസ് പോളിസികൾ, പിപിഎഫ് പലിശ എന്നിവയിൽ നിന്നുള്ള വരുമാനങ്ങള്‍ ശ്രദ്ധിക്കാതെ പോവാറുണ്ട്. ഇതിന് പിന്നീട് വലിയ വില കൊടുക്കേണ്ടിവരുമെന്നും ഓര്‍ക്കേണ്ടതുണ്ട്.
ഇതിനൊപ്പം പരിഗണിക്കേണ്ട ഒന്നാണ് ഇളവിന് കീഴില്‍ വരുന്ന വരുമാനത്തെ സംബന്ധിച്ചുള്ള വിവരങ്ങളും. അതായത് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ ആരംഭിച്ച നിക്ഷേപങ്ങളില്‍ നിന്നും നേട്ടം കണ്ടെത്തുകയാണെങ്കില്‍ ആ തുകയും വരുമാനയിനത്തില്‍ വ്യക്തമാക്കണമെന്നാണ് ഐടി ചട്ടം അടിവരയിടുന്നത്.