കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നാളെ. 45 നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 29 ദേശീയ, പ്രാദേശിക പാർട്ടികളിൽ നിന്നുള്ള 319 സ്ഥാനാർഥികളുടെ വിധി 1,13,35,344 വോട്ടർമാർ നാളെ എഴുതും. ആറ് ജില്ലകളിലായി 15,789 പോളിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. 45 നിയോജകമണ്ഡലങ്ങളിൽ ഒമ്പത് എണ്ണത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്‍റെ (എഡിആർ) റിപ്പോർട്ട് അനുസരിച്ച് 319 സ്ഥാനാർഥികളിൽ 143 പേർക്കെതിരെ ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുണ്ട്. ഇതിൽ 28 പേർ ബിജെപിയിൽ നിന്നുള്ളവരാണ്. കൂച്ച് ബിഹാർ അക്രമത്തിന് ശേഷം കേന്ദ്ര സേനയുടെ 853 കമ്പനികളെ സുരക്ഷക്കായി വിന്യസിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിനുപുറമെ, ഡാർജിലിംഗിൽ 68 കമ്പനികളെയും ജൽപായ്ഗുരിയിൽ 112 കമ്പനികളെയും കലിംപോങ്ങിലെ 21 കമ്പനികളെയും നാദിയ ജില്ലയിലെ 151 കമ്പനികളെയും കിഴക്കൻ ബർദ്വാൻ ജില്ലയിലെ 155 കമ്പനികളെയും സിലിഗുരി ജില്ലയിലെ 53 കമ്പനികളെയും വിന്യസിക്കാനും തീരുമാനമുണ്ട്.