ന്യൂഡൽഹി: നിയമവിരുദ്ധമായ നിക്ഷേപങ്ങൾക്കും ടാസ്‌ക് അധിഷ്‌ഠിത പാർട്ട്‌ടൈം ജോലി തട്ടിപ്പുകൾക്കും സൗകര്യമൊരുക്കുന്ന നൂറിലധികം വിദേശ വെബ്‌സൈറ്റുകൾക്കും നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ (Union Home Ministry recommendation) ശുപാർശയെ തുടർന്നായിരുന്നു വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാനുള്ള നടപടി സ്വീകരിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഭാഗമായുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററും (I4C) നാഷണൽ സൈബർ ക്രൈം ത്രട്ട് അനലിറ്റിക്‌സ് യൂണിറ്റും (NCTAU) ചേർന്ന് കഴിഞ്ഞ ആഴ്‌ച നടത്തിയ അന്വേഷണത്തിലാണ് നൂറിലധികം വരുന്ന വെബ്‌സൈറ്റുകൾ അനധികൃത നിക്ഷേപങ്ങൾക്കും ടാസ്‌ക് അധിഷ്‌ഠിത പാർട്ട്‌ടൈം ജോലി തട്ടിപ്പുകൾക്കും സൗകര്യമൊരുക്കുന്നതായി കണ്ടെത്തിയത്.
ഇതേ തുടർന്ന് രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മാനിച്ച് 2000 ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തുകയായിരുന്നു.
വെബ്‌സൈറ്റുകൾക്ക് പിന്നിൽ വിദേശ അഭിനേതാക്കൾ: ഇത്തരം വെബ്‌സൈറ്റുകൾക്ക് പിന്നിൽ വിദേശ അഭിനേതാക്കളാണെന്നും ഡിജിറ്റൽ പരസ്യം, മെസഞ്ചർ ചാറ്റ്, മ്യൂൾ, വാടക അക്കൗണ്ടുകൾ എന്നിവയ്‌ക്കായി ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സാമ്പത്തിക തട്ടിപ്പിൽ നിന്നും ലഭിക്കുന്ന അനധികൃത വരുമാനം ഇന്ത്യക്ക് പുറത്തേക്ക് എത്തിക്കുന്നത് കാർഡ് നെറ്റ്‌വർക്ക്, ക്രിപ്‌റ്റോ കറൻസി, എടിഎം, ഇന്‍റർ നാഷണൽ ഫിൻ ടെക് കമ്പനി എന്നിവ വഴിയാണെന്നാണ് ലഭിച്ച വിവരം.
രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍റർ (Indian Cybercrime Coordination Centre).
2020ൽ ഇന്ത്യ ടിക് ടോക്, എക്‌സന്‍റർ, ഷെയർ ഇറ്റ്, യുസി ബ്രൗസർ അടക്കമുള്ള ആപ്പുകൾ നിരോധിച്ചിരുന്നു. ഐടി ആക്‌ട് 69 എഎ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ചൈനയുടെ 59 ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷ സംവിധാനത്തെയും ബാധിക്കുന്ന ആപ്പുകളാണ് നിരോധിച്ചതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അന്നത്തെ ഉത്തരവിൽ പറയുന്നത്.
Also read: മഹാദേവ് ആപ്പ് തട്ടിപ്പ് കേസിലെ പ്രതിയുടെ പിതാവ് കിണറ്റിൽ മരിച്ച നിലയിൽ