ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് ( Rishi Sunak) ദീപാവലി സമ്മാനം നല്‍കി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ (S Jaishankar). ഇന്ത്യയുടെ സ്റ്റാര്‍ ക്രിക്കറ്റര്‍ വിരാട് കോലി ഒപ്പിട്ട ബാറ്റാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയ്‌ക്ക് എസ് ജയ്‌ശങ്കർ സമ്മാനമായി നല്‍കിയത് (S Jaishankar gifts Virat Kohli's signed bat to Rishi Sunak).
ഇതിന്‍റെ ചിത്രങ്ങള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ പങ്കുവച്ചിട്ടുണ്ട്. വിരാട് കോലിയുടെ ഒപ്പ് പ്രിന്‍റ് ചെയ്‌തുകൊണ്ടാണ് 'ജീനിയസ് എംആർഎഫ് വിരാട് കോലി റൺ മെഷീൻ' എഡിഷനിലുള്ള ബാറ്റ് പുറത്തിറങ്ങുന്നത്. ഇതില്‍ വിരാട് കോലി നേരിട്ടുതന്നെ ഒപ്പുവയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്.
നേരത്തേതന്നെ ക്രിക്കറ്റിനോടുള്ള തന്‍റെ പ്രേമം തുറന്ന് പറഞ്ഞ വ്യക്തിയാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക്. അതേസമയം ദീപാവലി ദിനത്തില്‍ ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) നെതര്‍ലന്‍ഡ്‌സിനെതിരെ (India vs Netherlands) വിരാട് കോലി (Virat Kohli) കളിക്കാനിറങ്ങിയിരുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്കായി തന്‍റെ ഏകദിന കരിയറിലെ 71-ാം അര്‍ധ സെഞ്ചുറിയുമായാണ് കോലി തിരിച്ച് കയറിയത്.
56 പന്തില്‍ 51 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്. ഈ ഏകദിന ലോകകപ്പില്‍ ഇത് ഏഴാം തവണയാണ് വിരാട് കോലി 50+ സ്‌കോര്‍ നേടുന്നത്. ഇതോടെ ടൂര്‍ണമെന്‍റിന്‍റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന ബാറ്ററെന്ന സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടത്തിനൊപ്പമെത്താനും കോലിയ്‌ക്ക് കഴിഞ്ഞു.
2003-ലെ ഏകദിന ലോകകപ്പിലായിരുന്നു സച്ചിന്‍ ഏഴ് തവണ അന്‍പതിലേറെ റണ്‍സ് സ്‌കോര്‍ ചെയ്‌തത്. പന്തെടുത്തപ്പോള്‍ ഒരു വിക്കറ്റും താരം വീഴ്‌ത്തിയിരുന്നു. മത്സരത്തില്‍ ഇന്ത്യ 160 റണ്‍സിന് വിജയിച്ചിരുന്നു. കോലിക്ക് പുറമെ ശുഭ്‌മാന്‍ ഗില്‍ (32 പന്തില്‍ 51), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (54 പന്തില്‍ 61), എന്നിവര്‍ അര്‍ധ സെഞ്ചുറി നേടുകയും ശ്രേയസ് അയ്യരും (94 പന്തില്‍ 128), കെഎല്‍ രാഹുലും (64 പന്തില്‍ 10) സെഞ്ചുറി നേടുകയും കൂടി ചെയ്‌തതോടെ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 410 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലേക്ക് എത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. മറുപടിക്ക് ഇറങ്ങിയ ഡച്ച് ടീം 47.5 ഓവറില്‍ 250 റണ്‍സിന് പുറത്തായി.