മുംബൈ (മഹാരാഷ്‌ട്ര) : മുംബൈയിൽ രുചിവൈവിധ്യങ്ങൾ ഒരുക്കാൻ റെസ്‌റ്റോറന്‍റുമായി വിരാട് കോലി. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഇതിനായി, അന്തരിച്ച ഗായകനും നടനുമായ കിഷോർ കുമാറിന്‍റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ബംഗ്ലാവ് ഏറ്റെടുത്തു. ജുഹുവിൽ സ്ഥിതി ചെയ്യുന്ന 'ഗൗരി കുഞ്ച്' എന്ന ബംഗ്ലാവിന്‍റെ ഒരു ഭാഗമാണ് ഇതിനായി ഇന്ത്യന്‍ ബാറ്റര്‍ ഏറ്റെടുത്തിരിക്കുന്നത്.
അഞ്ച് വർഷത്തേക്ക് പാട്ടത്തിനെടുത്താണ് താരം റെസ്‌റ്റോറന്‍റ് തുടങ്ങുന്നത്. ഇക്കാര്യം കിഷോർ കുമാറിന്‍റെ മകൻ അമിത് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'വൺ 8 കമ്യൂൺ' എന്ന കോലിയുടെ ബിസിനസ് ശൃംഖല വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം എന്നാണ് വിവരം.
വിരാട് കോലിയുടെ ജന്മനാടായ ഡൽഹിയിലും കൊൽക്കത്തയിലും പൂനെയിലും ശൃംഖലയ്ക്ക് ബാർ അടങ്ങിയ റെസ്‌റ്റോറന്‍റുകളുണ്ട്. 'വൺ 8 കമ്യൂൺ' എന്ന പേര് അദ്ദേഹത്തിന്‍റെ ജഴ്‌സി നമ്പർ '18'നെ സൂചിപ്പിക്കുന്നതാണ്. 'വൺ 8 കമ്യൂൺ' ഇൻസ്‌റ്റഗ്രാം പേജിൽ 'ജുഹു, മുംബൈ കമിങ് സൂൺ' എന്ന് കോലി കുറിച്ചിട്ടുണ്ട്. 'വൺ 8' ബ്രാൻഡിന് കീഴിൽ വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഷൂസുകൾ തുടങ്ങിയവയും ഇറങ്ങുന്നുണ്ട്.