ജയ്‌പൂര്‍: രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയില്‍ സംരക്ഷിത വിഭാഗത്തില്‍പ്പെട്ട ചിങ്കാര മാനുകളുടെ ജഡം കണ്ടെത്തി. ഏദന്‍ സോളാര്‍ കമ്പനിക്ക് സമീപം കഴിഞ്ഞ ദിവസമാണ് 18 മാനുകളുടെ ജഡം കണ്ടെത്തിയത്. ചത്ത മാനുകളില്‍ ചിലതിന്‍റെ ശരീര അവശിഷ്‌ടങ്ങളും ചിലതിന്‍റെ കൊമ്പുകളും മാത്രമാണുണ്ടായിരുന്നത്.
മേഖലയില്‍ 13 മാനുകളെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലഖാസര്‍ ഗ്രാമവാസികള്‍ പൊലീസില്‍ പരാതി നല്‍കി. മാനുകള്‍ കൂട്ടത്തോടെ ചാവുന്നതിന്‍റെ ഉത്തരവാദികള്‍ സോളാര്‍ കമ്പനിയാണെന്നാരോപിച്ചായിരുന്നു പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് 'പോകരൻ ശ്രീ ജംഭേശ്വർ എൻവയോൺമെന്‍റ് ആൻഡ് ലൈഫ് ഡിഫൻസ് സ്റ്റേറ്റ് സൻസ്ത' എന്ന എൻജിഒ പ്രവര്‍ത്തകരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പരിശോധനയില്‍ ആറ് മാനുകളുടെ ജഡം കൂടി വീണ്ടും കണ്ടെത്തി. ഇതിന് പുറമെ മേഖലയില്‍ കഴിഞ്ഞ ശനിയാഴ്‌ച വീണ്ടും ആറ് മാനുകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ചത്ത മാനുകളുടെയെണ്ണം 24 ആയി.
വിഷയത്തില്‍ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ജയ്‌സാൽമീർ എന്‍ജിഒ ജില്ല പ്രസിഡന്‍റ് സദാറാം ഖിലേരി പറഞ്ഞു. ചത്ത മാനുകളുടെ പോസ്‌റ്റ്‌മോര്‍ട്ട നടപടികള്‍ ബുധനാഴ്‌ച പൂര്‍ത്തിയാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഗാര്‍ഡുകള്‍ കമ്പനിയിലെത്തിയെങ്കിലും അകത്ത് കയറാന്‍ കമ്പനി ജീവനക്കാര്‍ അനുവദിച്ചില്ലെന്ന് ഖിലേരി പറഞ്ഞു.
also read:തൃശൂരിലെ വരട്ടുപ്പാറ എസ്റ്റേറ്റില്‍ പുലി ചത്ത നിലയില്‍