കോർബ (ഛത്തീസ്‌ഗഡ്): ഗ്രാമവാസിയെ ചവിട്ടി കൊലപ്പെടുത്തി ആനക്കൂട്ടം. കോർബ ജില്ലയിലെ കത്ഘോര ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ബനിയ ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികൾ ആനക്കുട്ടിയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആനക്കൂട്ടം എത്തി ഇയാളെ ആക്രമിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബനിയയിലെ ഒരുസംഘം ഗ്രാമവാസികൾ ചേർന്ന് 12 മാസം പ്രായമുള്ള ആനക്കുട്ടിയെ കൊന്ന് വയലിൽ കുഴിച്ചിട്ടിരുന്നു. ആനക്കുട്ടിയെ കാണാതായതിനെ തുടർന്നാണ് 44 ആനകളുടെ കൂട്ടം ഗ്രാമത്തിലെത്തി ഒരു ഗ്രാമവാസിയെയും മൂന്ന് കന്നുകാലികളെയും കൊലപ്പെടുത്തിയതെന്ന് വനപാലകര്‍ പറയുന്നു.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഒക്‌ടോബർ 20ന് വയലിൽ അന്വേഷണത്തിന് എത്തിയ വനപാലകരാണ് ആനക്കുട്ടിയുടെ ജഡം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് 12 പേരെ അറസ്റ്റ് ചെയ്‌തു. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പടെയാണ് ആനക്കുട്ടിയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്. പാസൻ ജൻപദ് പഞ്ചായത്തംഗമാണ് ഇയാൾ.
അതേസമയം ആനക്കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.