വേളാങ്കണ്ണി (തമിഴ്‌നാട്) : പ്രശസ്‌ത തീര്‍ഥാടന കേന്ദ്രമായ വേളാങ്കണ്ണി(Velankanni) പള്ളിയില്‍ തിരുനാളിന് ചൊവ്വാഴ്‌ച(ഓഗസ്‌റ്റ് 29) കൊടിയേറി. 10 ദിവസം നീളുന്ന തിരുനാള്‍ കര്‍മ്മങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. വന്‍ ജനസാഗരമാണ് തിരുനാളിന് തുടക്കമായതോടെ വേളാങ്കണ്ണിയിലേക്ക് എത്തുന്നത്.
തിരുനാളിന് സുരക്ഷ ഒരുക്കുന്നതിനായി ടി ജയചന്ദ്രന്‍ ഐപിഎസിന്‍റെ നേതൃത്വത്തില്‍ 3500ല്‍ പരം പൊലീസ്(Police) ഉദ്യോഗസ്ഥരാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. കൂടുതല്‍ സുരക്ഷയ്‌ക്കായി 60 സിസിടിവി ക്യാമറകളും പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്ത് നിന്നുമായി ലക്ഷക്കണക്കിന് തീര്‍ഥാടകരാണ്(Devotees) തിരുനാളില്‍ പങ്കെടുക്കുക.
മുന്‍കരുതലെന്നോണം 10 ദിവസവും കടലിലെ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണെന്ന് ജില്ല ഭരണകുടം അറിയിച്ചു. തിരുനാളില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടി. മാത്രമല്ല, പള്ളിയില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി സുരക്ഷ സ്‌കാനിങിന് വിധേയമാകേണ്ടതുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങള്‍ പങ്കെടുക്കുന്നതിനെ തുടര്‍ന്ന് കൊങ്കണി, മലയാളം, തെലുഗു, ഹിന്ദി, കന്നഡ തുടങ്ങിയ വിവിധ ഭാഷകളിലും കുര്‍ബാന നടത്തുന്നു. തിരക്ക് പരിഗണിച്ച് ഗതാഗതത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 500 ബസുകളാണ് പ്രത്യേക സര്‍വീസിനായി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഒരുക്കിയിരിക്കുന്നത്.
മാത്രമല്ല, പ്രത്യേക ട്രെയിനുകളും ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തും. നാല് ഡ്രോണുകളിലൂടെയും വേളാങ്കണ്ണിയിലും പരിസരപ്രദേശത്തും നിരീക്ഷണം വ്യാപകമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.