ചാമരാജനഗർ (കർണാടക) : പ്രണയം എന്ന വികാരം എല്ലാവരെയും മാറ്റിമറിക്കുന്ന ഒന്നാണ്. അത് കുറ്റവാളികളെ പോലും ആർദ്രമാക്കും. അത്തരത്തിലൊരു രസകരമായ കഥയാണ് ഈ പ്രണയദിനത്തിൽ ചാമരാജനഗറിൽ നിന്നും വരുന്നത്.
ഈറോഡ് ജില്ലയിലെ അണ്ടിയൂർ താലൂക്കിലെ പുതുക്കാട് സ്വദേശിയായ അനുബുരാജ് ഗുണ്ടലിന് പൊലീസാകാനായിരുന്നു ആഗ്രഹം. എന്നാൽ സാഹചര്യങ്ങൾ മൂലം അനുബുരാജ് കൊള്ളക്കാരനായ കൂസ് മുനിസാമി വീരപ്പന്‍റെ സംഘത്തിൽ ചേർന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയ കേസിൽ 17 വർഷം ജയിൽ ശിക്ഷ അനുഭവിച്ചു. 2016ലാണ് അനുബുരാജ് 17 വർഷത്തെ ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതനാകുന്നത്.
അനാഥയും ചെന്നൈ സ്വദേശിയുമായ രേവതി ബെംഗളൂരുവിൽ വീട്ടുജോലിക്കാരിയായി ജോലി നോക്കവെയാണ് 18-ാം വയസിൽ തന്നെ മുംബൈയിലേക്ക് വിൽക്കാൻ ശ്രമിച്ചയാളെ കുത്തിക്കൊലപ്പെടുത്തുന്നത്. കുറ്റം സമ്മതിച്ചതിനെ തുടർന്ന് 2006ൽ കോടതി രേവതിയെ 13 വർഷത്തെ തടവിന് ശിക്ഷിച്ചു. ജയിൽ ശിക്ഷ കഴിഞ്ഞ് 2015ൽ രേവതി ജയിൽമോചിതയായി.
അതിനിടെ 2011ൽ ഇരുവരും പരിചയത്തിലായി. തടവുകാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള മൈസൂരിലെ സങ്കൽപ തിയേറ്റർ ഗ്രൂപ്പാണ് ഇരുവരുടെയും സംഗമത്തിന് വഴിയൊരുക്കുന്നത്. മൈസൂർ ജയിലിൽ നിന്ന് അനുബുരാജും ബെംഗളൂരു ജയിലിൽ നിന്ന് രേവതിയും സങ്കൽപ നാടക ഗ്രൂപ്പിൽ ചേർന്നു. അങ്ങനെ ഇരുവരും പരിചയത്തിലാകുകയും തുടർന്ന് പരിചയം വളർന്ന് പ്രണയമാകുകയും ചെയ്‌തു.
2011ൽ ഇരുവർക്കും പരോൾ ലഭിച്ചപ്പോൾ അവർ വിവാഹിതരായി. പിന്നീട് ജയിലിൽ കഴിയവെ രേവതി പെൺകുഞ്ഞിന് ജന്മം നൽകി. ഇരുവരും ജയിൽ മോചിതരായ ശേഷം ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. പുതുക്കാട് ഗ്രാമത്തിൽ താമസമാക്കിയ ഇരുവരും ഉപജീവനത്തിനായി വെളിച്ചെണ്ണ മിൽ തുറന്നു. സാമൂഹിക പ്രവർത്തനങ്ങളിലും ഇരുവരും സജീവ പങ്കാളികളായി. അഞ്ച് പേർക്ക് വെളിച്ചെണ്ണ മില്ലില്‍ ജോലി നൽകി. ആദിവാസി, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട ത്രൈമാസികയും അനുബുരാജ് പുറത്തിറക്കുന്നുണ്ട്. 10 വയസുള്ള മകളെ കൂടാതെ രണ്ട് വയസുള്ള മകനുമുണ്ട്.
എല്ലാം അവസാനിച്ചുവെന്ന് കരുതി ജീവിതം തള്ളിനീക്കുന്ന സമയത്താണ് അനുബുരാജിന്‍റെയും രേവതിയുടെയും ഇടയില്‍ പ്രണയം നാമ്പിടുന്നതും വീണ്ടും ഇരുവരുടെയും ജീവിതത്തിൽ വെളിച്ചം വീശുന്നതും.
Also Read: പ്രണയത്തിലാണോ ? പങ്കാളിയെ മിസ് ചെയ്യുന്നുണ്ടോ ? ; ചില വാലന്‍റൈന്‍ ദിന ടിപ്പുകള്‍