ജയ്‌പൂർ: രാജസ്ഥാനിലെ ദൗസ റെയിൽവേ സ്‌റ്റേഷന് സമീപം വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ തട്ടി പശുവിനോട് സാദൃശ്യമുള്ള നീല്‍ഗായ് മൃഗം ചത്തു. ഇടിയുടെ ആഘാതത്തിൽ അകലേയ്‌ക്ക് തെറിച്ച മൃഗത്തിന്‍റെ ജഡം ശരീരത്തിൽ വീണ് റെയിൽവേ ട്രാക്കിന് സമീപം നിന്നിരുന്ന വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥനും മരണപ്പെട്ടു. രാജസ്ഥാൻ സ്വദേശി ശിവദയാൽ ശർമയാണ് മരിച്ചത്.
ചൊവ്വാഴ്‌ച രാത്രിയാണ് അപകടം നടന്നത്. കാലി മോറി റെയിൽവേ ലെവൽ ക്രോസിന് സമീപമാണ് അമിത വേഗതയിൽ ഓടികൊണ്ടിരുന്ന ട്രെയിൻ നീല്‍ഗായ് മൃഗത്തെ ഇടിച്ചത്. റെയിവേ ക്രോസിന് സമീപം മലമൂത്രവിസർജനം ചെയ്യുകയായിരുന്ന ശിവദയാലിനുമേലേക്കാണ് മൃഗം തെറിച്ച് വീണത്. അപകടത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
ന്യൂഡൽഹിയിൽ നിന്ന് അജ്‌മീറിലേയ്‌ക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനാണ് മൃഗത്തെ ഇടിച്ചത്. അപകടത്തെ തുടർന്ന് ട്രെയിൻ അൽപനേരം നിർത്തിയിട്ട ശേഷം യാത്ര പുനരാരംഭിച്ചു. റെയിൽവേയിൽ ഇലക്‌ട്രീഷ്യൻ തസ്‌തികയിൽ ജോലി ചെയ്‌തിരുന്നയാളാണ് മരിച്ച ശിവദയാൽ.
കഴിഞ്ഞ വർഷം ഗുജറാത്തിൽ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ കന്നുകാലിയെ ഇടിച്ച് ട്രെയിനിന്‍റെ മുൻഭാഗം തകർന്നിരുന്നു. ഗുജറാത്തിലെ അതുൽ റെയിൽവേ സ്‌റ്റേഷന് സമീപമാണ് അപകടം നടന്നത്. കഴിഞ്ഞ ഒക്‌ടോബറിൽ മാത്രം മൂന്ന് തവണയാണ് ട്രെയിൻ ഇത്തരത്തിൽ അപകടത്തിൽപ്പെട്ടത്. ട്രെയിനിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ സുരക്ഷിതരായിരുന്നു