ചമോലി (ഉത്തരാഖണ്ഡ്) : നോക്കെത്താ ദൂരത്തോളം വിരിഞ്ഞുനില്‍ക്കുന്ന പൂക്കള്‍. വിവിധ നിറങ്ങളില്‍, രൂപത്തില്‍, ഗന്ധത്തില്‍ കാണികളുടെ മനം കവര്‍ന്ന് പൂക്കളുടെ താഴ്‌വാരം ഉടുത്തൊരുങ്ങിയങ്ങനെ നില്‍ക്കുകയാണ്. കാണുമ്പോള്‍ പെട്ടെന്ന് ഏതോ സിനിമയിലെ പാട്ടുരംഗത്തിന്‍റെ ലൊക്കേഷനിലാണെന്ന് തോന്നിപ്പിക്കും വിധം അതി മനോഹരമായ കാഴ്‌ച.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പൂക്കളുടെ ഈ താഴ്‌വര സ്ഥിതി ചെയ്യുന്നത് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ്. 500ലധികം ഇനത്തില്‍പ്പെട്ട പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്ന താഴ്‌വാരം സഞ്ചാരികള്‍ക്കായി തുറന്നിരിക്കുകയാണിപ്പോള്‍. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നിന് തുറക്കുന്ന പൂക്കളുടെ ഈ താഴ്‌വാരം ഒക്‌ടോബര്‍ 31നാണ് അടക്കുക. ഡിഎഫ്ഒ നന്ദ വല്ലഭ് ശര്‍മയാണ് ഇക്കൊല്ലത്തെ ഫ്ലാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്.
കാഴ്‌ച കാണാന്‍ ഇവിടുത്തെ പാര്‍ക്കിലൂടെയുള്ള 4 കിലോമീറ്ററോളം നടക്കേണ്ടതുണ്ട്. ഇതിനായി പാര്‍ക്കില്‍ 2 നടപ്പാലം ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 12ലധികം വിഭാഗം ചെടികള്‍ ഇത്തവണ പ്രായമെത്താതെ പൂത്തിട്ടുണ്ട്.
87.5 കിലോമീറ്ററോളം പരന്നുകിടക്കുന്ന താഴ്‌വര ജൈവവൈവിധ്യത്തിന്‍റെ കലവറയാണ്. അപൂർവയിനം പൂക്കളും മൃഗങ്ങളും പക്ഷികളും ഔഷധസസ്യങ്ങളും ഇവിടെയുണ്ട്. 500ലധികം ഇനം പൂക്കളുള്ള ലോകത്തിലെ തന്നെ ഏക സ്ഥലമാണ് ചമോലിയിലേത്.
ഓരോ വർഷവും ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളാണ് താഴ്വര കാണാനായി എത്തുന്നത്. ഇക്കൊല്ലം പൂക്കളുടെ താഴ്‌വരയില്‍ സഞ്ചാരികളെ സ്വീകരിക്കാന്‍ വനംവകുപ്പ് ഒരുങ്ങിക്കഴിഞ്ഞു. ഗംഗരിയയിൽ സ്ഥിതി ചെയ്യുന്ന വാലി ഓഫ് ഫ്ലവേഴ്‌സ് ഗേറ്റിൽ നിന്ന് വിനോദസഞ്ചാരികൾക്ക് പൂക്കളുടെ താഴ്വരയിലേക്ക് പ്രവേശിക്കാം.
പൂക്കളുടെ താഴ്‌വര ആരംഭിക്കുന്ന ഗംഗരിയയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിലാണ് വനം വകുപ്പിന്‍റെ ഔട്ട്‌പോസ്റ്റുള്ളത്. ഇവിടെ നിന്നാണ് അകത്തുകടക്കാനുള്ള ടിക്കറ്റ് എടുക്കേണ്ടത്. തിരിച്ചറിയല്‍ രേഖയുമായി എത്തുന്ന ആര്‍ക്കും ടിക്കറ്റെടുത്ത് ചമോലിയിലെ ഈ കാഴ്‌ച ആസ്വദിക്കാം.
ഗൈഡുകളും ഇവിടെ ലഭ്യമാണ്. ഉത്തരാഖണ്ഡിലെ ഗർവാൾ മേഖലയിൽ സ്ഥിതി ചെയ്യുന്ന പൂക്കളുടെ താഴ്‌വരയ്ക്ക് ഏകദേശം 87.50 കിലോമീറ്റർ വിസ്‌തൃതിയാണുള്ളത്. 1982ൽ യുനെസ്കോ ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.
പൂക്കളുടെ താഴ്‌വരയും രാമായണവും : പൂക്കളുടെ താഴ്‌വരയെക്കുറിച്ചുള്ള വിവരങ്ങൾ നിരവധി പുസ്‌തകങ്ങളിലും ഇന്‍റർനെറ്റിലും ലഭ്യമാണ്. ഇവിടെ നിന്നാണ് ഹനുമാൻ സഞ്ജീവനി എടുത്തതെന്നും വിശ്വസിക്കുന്നു. തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടുള്ള നിരവധി പൂക്കളും ഔഷധസസ്യങ്ങളും ഇവിടെയുണ്ട്. അതുകൊണ്ടാണ് പലരും രാമായണ കാലഘട്ടവുമായി ഇതിനെ ബന്ധിപ്പിച്ച് കാണുന്നത്.
കണ്ടെത്തിയത് ബ്രിട്ടീഷുകാര്‍ : ബ്രിട്ടീഷ് പർവതാരോഹകൻ ഫ്രാങ്ക് എസ് സ്‌മിത്തും അദ്ദേഹത്തിന്‍റെ പങ്കാളി ആർ.എൽ ഹോൾഡ്‌സ്‌വർത്തും ചേർന്നാണ് ഈ താഴ്വര കണ്ടെത്തിയത്. 1931-ലാണ് ഇരുവരും ഇവിടെ എത്തിയത്. ഇവിടെനിന്ന് പോയശേഷം 1937-ൽ ഒരിക്കൽ കൂടി മടങ്ങിയെത്തിയ അവർ പൂക്കളുടെ താഴ്‌വര എന്ന പേരിൽ ഒരു പുസ്‌തകവും എഴുതി.
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ സന്ദര്‍ശിക്കാം : ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ചാർധാം യാത്രയ്‌ക്കെത്തുന്നവര്‍ക്ക് ബദരീനാഥ് ധാമിലേക്ക് പോകുന്നതിന് മുമ്പ് ഇവിടെയെത്താം. സംസ്ഥാന സർക്കാർ ഗോവിന്ദ്ഘട്ടിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും രാത്രി ഇവിടെ ചെലവഴിക്കാൻ കഴിയില്ല. അതുകൊണ്ട് സന്ധ്യയ്ക്ക് മുമ്പ് പാർക്കിൽ നിന്ന് മടങ്ങണം.