ഉത്തരകാശി: നിര്‍മാണത്തിലിരുന്ന സില്‍ക്യാര തുരങ്കം നവംബര്‍ 12 നാണ് ദുരന്ത ഭൂമിയായി മാറിയത്. തകര്‍ന്നിടിഞ്ഞ തുരങ്കത്തിനുള്ളില്‍ 41 തൊഴിലാളികള്‍ കുടുങ്ങി. രാജ്യം ഒന്നടങ്കം അവരുടെ ജീവനുവേണ്ടി പ്രാര്‍ഥിച്ച ദിവസങ്ങളാണ് കടന്ന് പോയത്. എന്ത് എങ്ങനെ സംഭവിക്കും എന്നറിയാതെയുള്ള രക്ഷാദൗത്യമായിരുന്നു ആദ്യ ഘട്ടത്തില്‍, പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നൊക്കെ പലതും പറഞ്ഞ് പലതരത്തില്‍ തുരങ്കത്തില്‍ അകപ്പെട്ടവരെ പുറത്ത് എത്തിക്കാന്‍ ശ്രമം നടന്നു.
അമേരിക്കന്‍ നിര്‍മ്മിത ഉപകരണം പോലും രക്ഷാ പ്രവര്‍ത്തനത്തിനിടെ പണിമുടക്കി. തുരങ്ക രക്ഷാ പ്രവര്‍ത്തനങ്ങളില്‍ അഗ്രഗണ്യരായ പലരും സില്‍ക്യാരയിലെത്തി സ്ഥിതിഗതികള്‍ വിശകലനം ചെയ്‌തു.
ലംബമായും തിരശ്ചീനമായും മല തുരന്ന് തൊഴിലാളികളെ പുറത്ത് എത്തിക്കാന്‍ ഒരേ സമയം ശ്രമം തുടങ്ങി. അതേ സമയം തന്നെ രാജ്യത്ത് നിരോധനമുള്ള റാറ്റ് ഹോള്‍ മൈനിങ് (rat hole mining) സംഘത്തെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തി, അവര്‍ യന്ത്രങ്ങളുടെ സഹായമില്ലാതെ തുരങ്കം തുരന്ന് അതിവേഗം തൊഴിലാളികളുടെ സമീപമെത്തി. പിന്നെല്ലാം ചരിത്രം.
പുറത്ത് എത്തിയ തൊഴിലാളികളെ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കാനുള്ള സംവിധാനം തുരങ്ക മുഖത്ത് തന്നെ നേരത്തെ സജീകരിച്ചിരുന്നു. തൊഴിലാളികള്‍ ആരും അപകട നിലയിലല്ലെന്നാണ് പ്രാഥമിക നിഗമനം. ഇവരെ വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പുറത്തെത്തിയവരെ പുഷ്‌പഹാരം അണിയിച്ചാണ് തുരങ്ക മുഖത്ത് ആകാംഷയോടെ കാത്ത് നിന്നവര്‍ സ്വീകരിച്ചത് (Uttarakhand Tunnel Collapse Workers Rescued Successfully).