ജോഷിമഠ്: ഉത്തരാഖണ്ഡിലെ ചമോലിയിലെ ജോഷിമഠ് പ്രദേശത്ത് ഭൂമി ഇടിഞ്ഞതിനെത്തുടർന്ന്, ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഇടക്കാല ദുരിതാശ്വാസ നടപടികൾ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ദുരിത ബാധിതരായ ഓരോ കുടുംബത്തിനും അടിയന്തരമായി 1.50 ലക്ഷം രൂപ ഇടക്കാല ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി ആർ മീനാക്ഷി സുന്ദരം അറിയിച്ചു. അതോടൊപ്പം തന്നെ വീട് മാറുമ്പോള്‍ 50,000 രൂപയും പിന്നീട് ഒരു ലക്ഷം രൂപയും നല്‍കുമെന്ന് മീനാക്ഷി സുന്ദരം പറഞ്ഞു.
ആളുകളെ സുരക്ഷിതമായ സ്ഥലത്തേയ്‌ക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മണ്ണ് ഇടിഞ്ഞ് താഴ്‌ന്നതിനെ തുടര്‍ന്ന് തകരാറ് സംഭവിച്ച ജോഷിമഠിലെ രണ്ട് ഹോട്ടലുകള്‍, മറ്റ് ചുറ്റുമുള്ള കെട്ടിടങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഉടന്‍ തന്നെ പൊളിച്ചു നീക്കാന്‍ നിര്‍ദേശം നല്‍കി. നിലവില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയിട്ടില്ലെന്ന് മീനാക്ഷി സുന്ദരം പറഞ്ഞു.
വാടക വീടുകളിലേക്ക് മാറുന്നവര്‍ക്ക് ആദ്യത്തെ ആറ് മാസത്തേക്ക് 40,000 രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മണ്ണ് ഇടിഞ്ഞ് താഴ്‌ന്നത് കാരണം ജോഷിമഠിലെ 678 കെട്ടിടങ്ങള്‍ക്കാണ് വിള്ളല്‍ സംഭവിച്ചത്. 66 കുടുംബങ്ങളെ അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കേണ്ട സാഹചര്യം ഉണ്ടായി.
മൗണ്ട് വ്യൂ ഹോട്ടല്‍, മലാരി ഹോട്ടല്‍ എന്നിവയാണ് പൊളിച്ച് നീക്കാന്‍ അധികൃതര്‍ പദ്ധതിയിട്ടിരുന്നത്. സംസ്ഥാന ദുരന്ത നിവാരണ (എസ്‌ഡിആർഎഫ്) സംഘത്തെ കെട്ടിടങ്ങൾ പൊളിക്കാനായി സജ്ജമാക്കിയിരുന്നു. എസ്‌ഡിആർഎഫിന്‍റെ എട്ട് ടീമുകളെ ജോഷിമഠ് ടൗണിൽ വിന്യസിച്ചിട്ടുണ്ട്. ഈ ടീമുകൾ മറ്റ് യൂണിറ്റുകളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.
ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി എസ്എസ് സന്ധുവിന്‍റെ നിർദേശപ്രകാരമാണ് തകർന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കാന്‍ പദ്ധതിയിട്ടിരുന്നത്. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) ശാസ്ത്രജ്ഞർ തകർന്ന പ്രദേശങ്ങളിൽ പരിശോധന നടത്തിവരികയാണ്. ജോഷിമഠിലെ ഭൂമി ഇടിഞ്ഞുതാഴ്‌ന്നതിനാലാണ് രണ്ട് ഹോട്ടലുകൾക്കും നാശനഷ്‌ടമുണ്ടായത്. ഹോട്ടലുകള്‍ പോളിക്കാനായി 60 തൊഴിലാളികളെയായിരുന്നു നിയോഗിച്ചിരുന്നത്. രണ്ട് ജെസിബികൾ, രണ്ട് ട്രക്കുകൾ, ഒരു കൂറ്റൻ ക്രെയിൻ എന്നിവയും സജ്ജീകരിച്ചെന്ന് സംസ്ഥാന ദുരന്ത നിവാരണ സെക്രട്ടറി ഡോ രജ്ഞിത്ത് സിൻഹ പറഞ്ഞിരുന്നു. എസ്‌ഡിആർഎഫ് ടീമുകൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.