ജലൗൺ: ഉത്തർ പ്രദേശിലെ ജലൗൺ ജില്ലയില്‍ വിവാഹ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. മെയ് ആറിന് രാത്രിയിലുണ്ടായ അപകടത്തില്‍ 12 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മധൗഗഢിന് സമീപത്തെ ഗോപാൽപുര പ്രദേശത്തിന് അടുത്തുവച്ചാണ് സംഭവം.
അമിതവേഗതയിൽ ഓടിയ ബസ്, ഭിന്ദ് - ഉറൈ ഹൈവേയിൽ വച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട് മരത്തിൽ ഇടിക്കുകയും തുടര്‍ന്ന് മറിയുകയുമായിരുന്നു. ബസിൽ 40 പേരുണ്ടായിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് വിശദമാക്കിയ പൊലീസ് സൂപ്രണ്ട് ഇരാജ് രാജ മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റവരെ ഉടൻതന്നെ ഒറായിയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ ആഘാതം ഗുരുതരമായതിനാൽ ബസിന്‍റെ മുകള്‍ഭാഗം പൂർണമായും തകർന്നു.
മരിച്ചവരെല്ലാം മാവായ് സ്വദേശികളാണെന്ന് ബസില്‍ ഉണ്ടായിരുന്ന മാവായിക്കാരനായ ഉമേഷ് കുമാർ പറഞ്ഞു. ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ധൂത ഉമ്രിയില്‍ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത് സംഘം തിരിച്ചത്. ഗോപാൽപുര പാലത്തിന് സമീപത്തുവച്ച് എതിർദിശയിൽ വന്ന വാഹനത്തെ ഇടിക്കാതിരിക്കാന്‍ ബസ് ഇടത്തോട്ട് തിരിച്ചപ്പോഴാണ് നിയന്ത്രണം നഷ്‌ടപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ബസിലുണ്ടായിരുന്ന 40 പേരും ഉറക്കത്തിലായിരുന്നു.