ഹൈദരാബാദ്: അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനയുടെ ഏകപക്ഷീയമായ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി ചൊവ്വാഴ്‌ച പറഞ്ഞു. ടിബറ്റിന്‍റെ തെക്കന്‍ ഭാഗമാണെന്ന് അവകാശപ്പെടുന്ന ചൈന ഇന്ത്യയിലെ അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പുനര്‍നാമകരണം അമേരിക്ക എങ്ങനെ കാണുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കരീന്‍ ജീന്‍ പിയറി.
ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ അവകാശവാദമുന്നയിച്ച് ചൈന അവയുടെ പേരുകള്‍ മാറ്റിയത്. ടിബറ്റന്‍, ചൈനീസ്, പിന്‍യിന്‍ ഭാഷകളിലേക്കാണ് പേരുകള്‍ പുനര്‍നാമകരണം ചെയ്‌തത്. അരുണാചലിന്‍റെ 11 സ്ഥലങ്ങളെ ടിബറ്റിന്‍റെ തെക്കന്‍ ഭാഗമായ സാങ്നാന്‍ എന്ന് വിശേഷിപ്പിച്ചാണ് ചൈന പുതിയ പേരുകള്‍ പുറത്ത് വിട്ടത്. ഇതടക്കം മൂന്നാം തവണയാണ് ചൈനീസ് സിവില്‍ അഫയേഴ്‌സ് മിനിസ്‌ട്രി അരുണാചല്‍ പ്രദേശിലെ സ്ഥലപ്പേരുകള്‍ പുനര്‍നാമകരണം ചെയ്‌ത് പുറത്ത് വിടുന്നത്.
ചൈനയുടെ ഏകപക്ഷീയമായ തീരുമാനം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും നിരസിച്ചിരുന്നു. പിന്നാലെയാണ് ചൈനയുടെ നീക്കത്തെ അപലപിച്ച് അമേരിക്കയെത്തിയത്.
പേര് മാറ്റത്തെ പൂര്‍ണമായും നിരസിച്ച് ഇന്ത്യ: ചൈനയുടെ നടപടി പൂര്‍ണമായി തള്ളുകയാണെന്ന് ഇന്ത്യ അറിയിച്ചു. ചൈനയുടെ പുനര്‍നാമകരണം ഇതാദ്യമായല്ലെന്നും എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. അരുണാചല്‍ പ്രദേശ് എന്നത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയത് കൊണ്ട് യാഥാര്‍ഥ്യം ഇല്ലാതാകില്ലെന്നും ചൈനയുടെ നടപടി യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്നും അരിന്ദം ബാഗ്‌ചി കൂട്ടിച്ചേര്‍ത്തു.
also read: 'മനുഷ്യന്‍റെ അവകാശം പരിഗണിച്ചു കൊണ്ടുള്ള വിധി': അരിക്കൊമ്പനെ മാറ്റാനുള്ള കോടതി വിധിയില്‍ എം എം മണി
ചൈന ഇന്ത്യയിലെ അരുണാചല്‍ പ്രദേശിന്‍റെ പേരുകള്‍ പുനര്‍നാമകരണം ചെയ്യാനുള്ള മൂന്നാമത്തെ ശ്രമമാണിത്. ആദ്യം അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനാണ് ചൈന ശ്രമിച്ചത്. 2017ലായിരുന്നു ചൈനയുടെ ആദ്യ ശ്രമം. രണ്ടാം തവണ 15 സ്ഥലങ്ങളുടെ പേര് മാറ്റാനാണ് ചൈന ശ്രമിച്ചത്. 2021ലാണ് രണ്ടാം തവണ പേര് പുനര്‍നാമകരണം ചെയ്യാനുള്ള ശ്രമവുമായി ചൈനയെത്തിയത്.
പ്രശ്‌നങ്ങള്‍ നിലക്കാതെ ഇന്ത്യ ചൈന അതിര്‍ത്തി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ തുടരുകയാണ്. ഇതിനിടെ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ നയതന്ത്ര, സൈനിക ചര്‍ച്ചകള്‍ക്ക് ശേഷം അതിര്‍ത്തിയില്‍ നിന്ന് ഇരു രാജ്യങ്ങളും നിരവധി സൈനികരെ പിന്‍വലിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം സ്ഥാപിക്കാതെ ചൈനയുമായി ബന്ധം നിലനിര്‍ത്താനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇന്ത്യ ചൈന അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി പ്രവചനാതീതമാണെന്ന് കരസേന മേധാവി ഏതാനും ദിവസം മുമ്പ് അറിയിച്ചിരുന്നു. ഏത് സാഹചര്യങ്ങളെയും നേരിടാന്‍ നിലവില്‍ ഇന്ത്യയും സൈന്യവും സജമാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.