ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനായി യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് വെൻഡി ഷെർമൻ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് ഷെർമന്‍റെ രണ്ട് ദിവസത്തെ ഇന്ത്യൻ പര്യടനം.
ബുധനാഴ്‌ച വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗലയുമായി കൂടിക്കാഴ്‌ച നടത്തുന്ന ഷെർമൻ, ഇന്ത്യ-യുഎസ് ഉഭയകക്ഷി അജണ്ടയെ കുറിച്ചും പ്രധാന മന്ത്രിയുടെ സമീപകാല യുഎസ് സന്ദർശന ഫലങ്ങളെ കുറിച്ചും ചർച്ച ചെയ്യും. കൂടാതെ ദക്ഷിണേഷ്യയും ഇൻഡോ-പസഫിക് മേഖലയും സംബന്ധിച്ച പ്രാദേശിക പ്രശ്‌നങ്ങളിലും സമകാലിക ആഗോള വിഷയങ്ങളിലും ഇരുവരും അഭിപ്രായങ്ങൾ കൈമാറുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതേദിവസം യുഎസ് ഇന്ത്യ ബിസിനസ് കൗൺസിൽ (USIBC) സംഘടിപ്പിക്കുന്ന ഇന്ത്യ-ആശയ ഉച്ചകോടിയുടെ (India-Ideas Summit) പ്രത്യേക യോഗത്തിലും ഷെർമനും ഹർഷവർധനും പങ്കെടുക്കും. തുടർന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവരെയും അവർ സന്ദർശിക്കും.
ALSO READ: രാഹുൽ ഗാന്ധിയെ തടഞ്ഞ് യുപി സർക്കാർ
ഷെർമന്‍റെ സന്ദർശനം ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്താനുതകുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. താലിബാനുമായുള്ള പാകിസ്ഥാന്‍റെയും ചൈനയുടെയും സഹകരണം ഇന്ത്യയ്‌ക്ക് വലിയൊരു ഭീഷണിയാണെന്നതിനാൽ ഷെർമന്‍റെ പര്യടനം വളരെ പ്രാധാന്യമർഹിക്കുന്നുവെന്നാണ് വിലയിരുത്തൽ.
കൂടാതെ ഇന്ത്യയും അമേരിക്കയും ഈ വർഷം നവംബറിൽ ബൈഡന്‍റെ ഭരണത്തിനു കീഴിലുള്ള തങ്ങളുടെ ആദ്യത്തെ 2+2 ഉച്ചകോടി (2+2 summit) നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഒക്‌ടോബർ 7, 8 തീയതികളിൽ പാക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്താൻ ഷെർമൻ ഇസ്ലാമാബാദിലേക്ക് പറക്കും.