ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തിൽ 61 മണ്ഡലങ്ങളിലുമായി വൈകിട്ട് 5 മണി വരെ 53.98 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 12 ജില്ലകളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഉൾപ്പടെ 692 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
ചിത്രകൂടിലാണ് ( 59.64 ശതമാനം) ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതാപ്‌ഗഢിലാണ് (50.25 ശതമാനം) ഏറ്റവും കുറവ് പോളിങ്. ശ്രാവസ്തി (57.24), കൗശാംബി (57.01) എന്നിവിടങ്ങളിലും മികച്ച പോളിങ് രേഖപ്പെടുത്തി. കോൺഗ്രസിന്‍റെ കോട്ടയായി കണക്കാക്കുന്ന അമേഠിയിൽ 52.77 ശതമാനവും റായ്ബറേലിയിൽ 56.06 ശതമാനവും പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
ALSO READ: ഹിമാലയൻ യോഗി ആനന്ദ് സുബ്രഹ്മണ്യൻ.. കൂടുതൽ തെളിവുകൾ സിബിഐക്ക്
സുൽത്താൻപൂരിൽ 54.88 ശതമാനവും, ഗോണ്ടയിൽ 54.31 ശതമാനവും, ബരാബങ്കിയിൽ 54.65 ശതമാനവും, ബഹറൈച്ചിൽ 55 ശതമാനവും, ശ്രാവസ്തിയിൽ 57.24 ശതമാനവും പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അവസാന രണ്ട് ഘട്ടം മാർച്ച് 3, 7 തീയതികളിൽ നടക്കും. മാർച്ച് 10നാണ് വോട്ടെണ്ണൽ.