ലഖ്‌നൗ: കൊവിഡ് -19 വാക്സിൻ ലഭ്യത ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി നിർമ്മാണ കമ്പനികളിൽ നിന്ന് 50 ലക്ഷം ഡോസ് കൊവിഡ് വാക്സിന്‍ ഓര്‍ഡര്‍ ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കൊവിഷീൽഡ്, കൊവാക്സിൻ എന്നീ കമ്പനികളില്‍ നിന്നാണ് സര്‍ക്കാര്‍ വാക്സിന്‍ വാങ്ങാന്‍ ഒരുങ്ങുന്നത്.
കൊവിഷീൽഡ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കൊവാക്സിൻ ഭാരത് ബയോടെക് ലിമിറ്റഡുമാണ് നിർമ്മിക്കുന്നത്. കേന്ദ്രത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തുടനീളം വാക്സിന്‍ വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉദ്ദരിച്ച് യു.പി സർക്കാർ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
മെയ് ഒന്നു മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സംസ്ഥാന സർക്കാർ സൗജന്യ വാക്സിൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. രോഗപ്രതിരോധ പദ്ധതി സംസ്ഥാനത്ത് അതിവേഗത്തിലാണ് നടക്കുന്നത്. ഇതുവരെ 1,17,77,209 വാക്സിൻ ഡോസാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ഇതിൽ 97,79,846 ആദ്യ ഡോസുകളും 19,97,363 രണ്ടാം ഡോസുമാണ്.