ലക്നൗ: കൊവിഡ് വ്യാപനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. കൊവിഡ് വ്യാപനം തടയുന്നതിന് പകരം സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനാണെന്ന് കോടതി കുറ്റപ്പെടുത്തി.
കൊവിഡ് തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉയര്‍ത്തിക്കാട്ടി നോട്ടീസുകളോ, പോസ്റ്ററുകളോ സംസ്ഥാനത്ത് പ്രദര്‍ശിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തർപ്രദേശ് സർക്കാർ കുറച്ചെങ്കിലും ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ രണ്ടാം തരംഗം സംസ്ഥാനത്തെ ഇത്രയധികം ബാധിക്കില്ലായിരുന്നു. യഥാര്‍ത്ഥ പൊതുജനാരോഗ്യ പ്രശ്നങ്ങളെ അവഗണിച്ച്, ജനങ്ങളെ മരിക്കാന്‍ അനുവദിക്കുന്ന സര്‍ക്കാരിനോട് വരും തലമുറ ഒരിക്കലും പൊറുക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read: സർക്കാർ വീണ്ടും ജനങ്ങളെ പരാജയപ്പെടുത്തിയെന്ന് പ്രിയങ്ക ഗാന്ധി
ഉത്തർപ്രദേശിലെ 75 ജില്ലകളിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 15നാണ് തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും വോട്ടിങ് ഏപ്രിൽ 19, 26 തീയതികളിൽ നടന്നു. വോട്ടെടുപ്പിന്‍റെ അവസാന ഘട്ടം ഏപ്രിൽ 29ന് നടക്കും. മെയ് 2ന് ഫലം പ്രഖ്യാപിക്കും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ 3,04,199 കൊവിഡ് രോഗികല്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.