ലക്‌നൗ : കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖിംപുരിലേക്ക്. കടുത്ത പ്രതിഷേധത്തിനൊടുവില്‍ ഉത്തർപ്രദേശ് സർക്കാർ സന്ദര്‍ശനാനുമതി നല്‍കിയതോടെ കോണ്‍ഗ്രസ് സംഘം കര്‍ഷകര്‍ കൊല്ലപ്പെട്ട ഇടത്തേക്ക് യാത്രതിരിച്ചു.
രാഹുലിനും പ്രിയങ്കയ്‌ക്കും പുറമെ കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഭൂപേഷ് ബാഗേൽ (ഛത്തീസ്‌ഗഡ്), ചരൺജിത് സിങ് ചന്നി (പഞ്ചാബ്) എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരാണ് സംഘത്തിലുള്ളത്.
അഞ്ചുപേര്‍ക്കാണ് യുപി സര്‍ക്കാര്‍ യാത്രാനുമതി നല്‍കിയതെന്ന് സ്റ്റേറ്റ് ഇൻഫർമേഷൻ അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സെഗാൾ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ലക്‌നൗ വിമാനത്താവളത്തിന് പുറത്തിറങ്ങി സംഭവസസ്ഥലത്തേക്ക് പോകാനൊരുങ്ങിയപ്പോള്‍ പൊലീസ് അവരുടെ വാഹനത്തില്‍ കയറണമെന്ന് നിര്‍ദേശിച്ചതിലും രാഹുല്‍ പ്രതിഷേധിച്ചു.
ഞങ്ങളുടെ കാറിൽ തന്നെ ലഖിംപുരിലേക്ക് പോകേണ്ടതുണ്ട്. പക്ഷേ, പൊലീസ് ഞങ്ങളെ അവരുടെ വാഹനത്തിൽ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. എനിക്ക് എന്ത് യാത്രാനുമതിയാണ് യു.പി സർക്കാർ അനുവദിച്ചത്.
ഉദ്യോഗസ്ഥര്‍ തന്നെ വിമാനത്താവളത്തിന് പുറത്ത് പോകാൻ അനുവദിക്കുന്നില്ല. താന്‍ എങ്ങനെ പോകണമെന്ന് സര്‍ക്കാരാണോ തീരുമാനിക്കുന്നതെന്നും രാഹുല്‍ ചോദിച്ചു.
പ്രതിഷേധത്തിനൊടുവില്‍ യുപി പൊലീസ് വഴങ്ങി. തുടര്‍ന്ന് സ്വകാര്യ വാഹനത്തില്‍ രാഹുലും സംഘവും യാത്ര തിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ രാഹുലിന്‍റെ സന്ദർശനത്തിന് അനുമതി നിഷേധിക്കുകയാണുണ്ടായത്. സംഭവം നടന്ന ജില്ല സന്ദർശിക്കാൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു നിലപാട്.
എന്നാല്‍, ഈ നിലപാട് പിന്നീട് മയപ്പെടുത്തുകയായിരുന്നു. ലഖിംപുരില്‍ വാഹനം പാഞ്ഞുകയറി കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാരിനെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു.
'കേന്ദ്ര മന്ത്രിയുടെ മകനെതിരെ നടപടിയില്ല'
കര്‍ഷകരെ ആസൂത്രിതമായി ആക്രമിക്കുകയാണ് ഭരണകൂടം. രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നില്ല. ലഖിംപൂരിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ രാഷ്ട്രീയപ്രവര്‍ത്തകരെ അധികൃതര്‍ അനുവദിക്കുന്നില്ല.
ഇവിടെ ജനാധിപത്യം ഉണ്ടായിരുന്നു, എന്നാൽ ഇന്ത്യയിൽ ഇപ്പോൾ സ്വേച്ഛാധിപത്യമാണുള്ളത്. രാഷ്ട്രീയക്കാർക്ക് ഉത്തർപ്രദേശിലേക്ക് പോകാൻ കഴിയില്ലെന്ന് ഇന്നലെ മുതൽ അധികൃതര്‍ പറയുകയാണ്. ചൊവ്വാഴ്ച പ്രധാനമന്ത്രി ലക്‌നൗവിലുണ്ടായിരുന്നു. എന്നാല്‍, ലഖിംപുർ ഖേരിയില്‍ പോയില്ല. അവിടെ എട്ട് പേരാണ് ആക്രമണത്തില്‍ മരിച്ചത്.
ALSO READ: ലംഖിപൂർ സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി
കുറച്ചുകാലമായി കർഷകരെ സർക്കാർ ആക്രമിക്കുന്നു, ജീപ്പ് ഉപയോഗിച്ച് കൊലപ്പെടുത്തുന്നു. കേന്ദ്രമന്ത്രിയുടെ മകന്‍റെ പേര് ഉയർന്നുവന്നിട്ടുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
ലഖിംപുര്‍ സന്ദര്‍ശനത്തിന് മുന്‍പ് ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വിമര്‍ശനം. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമാണ് രാഹുലും സംഘവും ലക്‌നൗവിലേക്ക് തിരിച്ചത്.