ലഖ്‌നൗ: സംസ്ഥാനത്തുടനീളം ക്രമസമാധാനം ഉറപ്പാക്കാനും ജാഗ്രത പാലിക്കാനും പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്നലെ രാത്രി ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശം. പ്രയാഗ്‌രാജിൽ വച്ച് ഉമേഷ് പാൽ വധക്കേസ് പ്രതിയും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഉന്നതതല യോഗം ചേർന്നത്.
'സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കാനും പൊതുജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനും ജാഗ്രത പാലിക്കാനും പൊലീസ് ഉദ്യോഗസ്ഥർക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്' -മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ശ്രദ്ധിക്കരുതെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ യുപി ആഭ്യന്തര സെക്രട്ടറി സഞ്ജയ് പ്രസാദും ഡിജിപി ആർകെ വിശ്വകർമയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. സംഭവത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ ഇന്ന് എല്ലാ ജില്ലകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. 2005ലെ ബിഎസ്‌പി എംഎൽഎ രാജു പാൽ വധക്കേസിലെയും ഫെബ്രുവരി 24ന് നടന്ന ഉമേഷ് പാൽ വധക്കേസിലെയും പ്രതിയാണ് അതിഖ് അഹമ്മദ്.
ഇന്നലെ രാത്രി പത്തരയോടെയാണ് ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്‌ക്കായി കൊണ്ടുപോകും വഴി നടുറോഡിൽ വച്ച് അക്രമിസംഘം അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫ് അഹമ്മദിനെയും വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ വേഷത്തില്‍ എത്തിയവരാണ് കൃത്യം നടത്തിയത്.
മകന്‍റെ എൻകൗണ്ടർ: അതിഖ് അഹമ്മദിന്‍റെ മകൻ അസദ് അഹമ്മദിനെയും കൂട്ടാളിയെയും കഴിഞ്ഞ ദിവസം ഝാൻസിയിൽ വച്ച് യുപി എസ്‌ടിഎഫ് സംഘം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെടുന്നത്.
തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് അതിഖ് അഹമ്മദ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ, സംരക്ഷണം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു. സർക്കാരും പൊലീസും സംരക്ഷണം ഒരുക്കുമെന്നും കൂടുതൽ ആവശ്യങ്ങൾക്കായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനുമാണ് കോടതി നിർദേശിച്ചത്.
സുപ്രീം കോടതി വിധി വന്ന് രണ്ടാഴ്‌ചയ്‌ക്ക് ഉള്ളിലാണ് അതിഖും ആസാദും കൊല്ലപ്പെടുന്നത്. അതിഖിന്‍റെ മൂത്ത മകൻ ഉമർ ലഖ്‌നൗ ജയിലിലും രണ്ടാമത്തെ മകൻ അലി നൈനി സെൻട്രൽ ജയിലിലുമാണ്. നാലാമത്തെ മകൻ അഹ്‌ജാമും ഇളയ മകൻ അബാനും പ്രയാഗ്‌രാജിലെ ജുവനൈൽ ഹോമിലുമാണ്. ഉമേഷ് പാലിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ട് പേർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നേരത്തെ കൊല്ലപ്പെട്ടിരുന്നു. അസദിന്‍റെ മരണം പൊലീസിന്‍റെ നിയമവിരുദ്ധ കൊലപാതകമാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.