ഉന്നാവോ: ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന വിധത്തിലുള്ള ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. ഉന്നാവോ നഗരത്തിലെ പോഷകാഹാര നിർമാണ യൂണിറ്റ് പരിശോധിക്കാനെത്തിയ കാബിനറ്റ് മന്ത്രി ബേബി റാണി മൗര്യയുടെ വീഡിയോയാണ് പുറത്തുവന്നത്. യൂണിറ്റ് പരിശോധിച്ചതിന് ശേഷം മന്ത്രി തന്‍റെ ഡിസ്‌പോസിബിൾ ഷൂ കവറുകൾ ധരിച്ച് പുറത്തിറങ്ങി.
എന്നാൽ യൂണിറ്റിലെ ജീവനക്കാരോ മറ്റ് ഉദ്യോഗസ്ഥരോ ഷൂ കവർ ഊരിമാറ്റട്ടെ എന്ന ധാരണയിൽ മന്ത്രി തന്‍റെ കാലുകളുയർത്തിയതോടെ ജീവനക്കാരിലൊരാൾ എത്തി അവ നീക്കം ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സർക്കാരിനും ബിജെപിക്കും വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.
നേരത്തെ ഉത്തരാഖണ്ഡ് ഗവർണർ പദവി വഹിച്ചിരുന്ന മന്ത്രിക്ക് നേരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. യോഗി മന്ത്രിസഭയിലെ അംഗത്തെ വിമർശിക്കാനുള്ള അവസരം പ്രതിപക്ഷ പാർട്ടികളും പാഴാക്കിയില്ല. മന്ത്രിയുടെ അപമര്യാദപരമായ സമീപനത്തെ വിമർശിച്ച് എസ്‌പിയും ആർഎൽഡിയും ട്വീറ്റ് ചെയ്തു.
അധികാരലഹരിയിൽ ഭരണാധികാരികൾ അഹങ്കാരികളായി മാറിയെന്നായിരുന്നു സമാജ്‌വാദി പാർട്ടിയുടെ പ്രതികരണം. സംഭവത്തിൽ മന്ത്രി മാപ്പ് പറയണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. എന്നാൽ വിഷയത്തിൽ ബേബി റാണി മൗര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.