ഉണ്ണി മുകുന്ദന്‍ (Unni Mukundan) കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജയ് ഗണേഷ്' (Jai Ganesh). രഞ്ജിത് ശങ്കര്‍ (Ranjith Sankar) സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിലെ തൃക്കാക്കര അമ്പലത്തില്‍ വച്ച് നടന്നു (Jai Ganesh Pooja). ഉണ്ണി മുകുന്ദന്‍റെ അച്ഛന്‍ എം മുകുന്ദനാണ് സിനിമയ്‌ക്ക് ഫസ്‌റ്റ് ക്ലാപ്പ് അടിച്ചത്.
എറണാകുളം പരിസര പ്രദേശങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. നാളെ (നവംബര്‍ 11) സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സംവിധായകന്‍ രഞ്ജിത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുക (Unni Mukundan Ranjith Sankar movie). ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ നിര്‍മാണ സംരംഭമാണ് 'ജയ് ഗണേഷ്'.
- " class="align-text-top noRightClick twitterSection" data="">
ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ ഗണപതിയായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. മിഹമ നമ്പ്യാര്‍ ആണ് സിനിമയില്‍ ഉണ്ണി മുകുന്ദന്‍റെ നായികയായി എത്തുന്നത്. 'ജയ് ഗണേഷില്‍' ജോമോളും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരിടവേളയ്‌ക്ക് ശേഷം ജോമോള്‍ മലയാള സിനിമയിലേയ്‌ക്ക് തിരികെ എത്തുന്നു എന്ന പ്രത്യേകതയും 'ജയ് ഗണേഷി'നുണ്ട്. ഒരു ക്രിമിനല്‍ ലോയറുടെ വേഷമാണ് ചിത്രത്തില്‍ ജോമോള്‍ക്ക്.
തന്‍റെ കരിയറിലെ വ്യത്യസ്‌തമായ വേഷമാകും 'ജയ് ഗണേഷിലേ'തെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. 'ജയ് ഗണേഷി'ലെ കഥാപാത്രത്തിനായി അനുയോജ്യനായ ഒരു നടനെ കണ്ടെത്താന്‍ നാളേറെയായി അലഞ്ഞ ശേഷമാണ് താന്‍ ഉണ്ണി മുകുന്ദനിലേക്ക് എത്തിയതെന്ന് സിനിമയുടെ പ്രഖ്യാപന വേളയില്‍ സംവിധായകന്‍ പറഞ്ഞിരുന്നു.
'ജയ് ഗണേഷ് രചിച്ച ശേഷം ഞാന്‍ ഒരു നടനെ തെരയുകയായിരുന്നു. 'മാളികപ്പുറം' എന്ന സിനിമയ്‌ക്ക് ശേഷം ഏഴ് മാസത്തോളം ചിത്രീകരണം ഒന്നും ഇല്ലാതിരുന്ന ഉണ്ണി മുകുന്ദന്‍ ശരിയായൊരു തിരക്കഥയ്‌ക്കായി കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ 'ജയ് ഗണേഷി'നെ കുറിച്ച് ചർച്ച ചെയ്‌തു. അദ്ദേഹത്തിന് തിരക്കഥ ഇഷ്‌ടമായി. ഞാൻ എന്‍റെ നടനെ കണ്ടെത്തി. ഞങ്ങൾ ഇരുവരും ചേര്‍ന്നാണ് ജയ് ഗണേഷ് നിര്‍മിക്കുക. ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്ര ആയിരിക്കും ഇത്. ഈ യാത്രയുടെ ഓരോ ഘട്ടവും ഞങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു' - ഇപ്രകാരമായിരുന്നു രഞ്ജിത് ശങ്കറിന്‍റെ വാക്കുകള്‍.
അതേസമയം 'മാളികപ്പുറം' ആണ് ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. അയ്യപ്പ വേഷത്തിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രത്യക്ഷപ്പെട്ടത്. തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രം ഒടിടിയിലും റിലീസ് ചെയ്‌തു. ഡിസ്‌നി പ്ലസ് ഹോട്‌സ്‌റ്റാറില്‍ 'മാളികപ്പുറം' സ്‌ട്രീമിങ് നടത്തുന്നുണ്ട്.