പൂനെ: രാജ്യത്തെ ശാസ്‌ത്ര ഗവേഷണത്തേയും വ്യവസായത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഉന്നതാധികാര സമിതിയായ സിഎസ്‌ഐആറിന് കീഴിലുള്ള ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാനിറ്ററി പാഡ് ഡിസ്‌പോസല്‍ സൗകര്യമില്ലെന്ന് കേന്ദ്ര മന്ത്രിയോട് വിദ്യാര്‍ഥി. പൂനെയിലെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറി സന്ദര്‍ശിച്ച ശേഷം വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു കേന്ദ്ര ശാസ്‌ത്ര, സാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങ്. ഇതിനിടെയാണ് സിഎസ്‌ഐആറിന് കീഴിലുള്ള പല സ്ഥാപനങ്ങളിലും സാനിറ്ററി പാഡ് ഡിസ്‌പോസല്‍ സംവിധാനത്തിന്‍റെ കുറവ് ഗവേഷക വിദ്യാര്‍ഥി ചൂണ്ടിക്കാട്ടിയത്.
'ഇതാണോ ശരിയായ പ്ലാറ്റ്‌ഫോം എന്ന് എനിക്കറിയില്ല, നിരവധി സിഎസ്‌ഐആർ ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ സാനിറ്ററി പാഡ് ഡിസ്‌പോസൽ മെഷീനുകൾ ഇല്ലെന്ന് ഈയിടെ ഞങ്ങള്‍ കണ്ടെത്തി', വിദ്യാർഥി പറഞ്ഞു. വനിത ഗവേഷകരുടെ ഉന്നമനത്തിനായി ശാസ്‌ത്ര സാങ്കേതിക മന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും വിദ്യാര്‍ഥി ചോദിച്ചു.
നടപടിയുണ്ടാകുമെന്ന് മന്ത്രി: ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മറുപടി നല്‍കി. 'തീർച്ചയായും, ഇത് ഒരു പ്രശ്‌നമാണ്. മുൻകാലങ്ങളിൽ വനിത ഗവേഷകർ എണ്ണത്തില്‍ കുറവായിരുന്നു എന്ന വസ്‌തുതയും പരിശോധിക്കണം. വനിത ഗവേഷകരുടെ എണ്ണം വർധിച്ച് കൊണ്ടിരിക്കുന്നതിനാൽ, ഈ വിഷയത്തില്‍ ഉടന്‍ നടപടിയുണ്ടാകും', ജിതേന്ദ്ര സിങ് പറഞ്ഞു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് രാജ്യത്തെ പ്രമുഖ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കവെ സ്‌ത്രീകള്‍ക്ക് വൃത്തിയുള്ള ശുചിമുറികള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥി ഉന്നയിച്ച പ്രശ്‌നത്തെ കുറിച്ച് വിശദീകരിക്കാന്‍ എൻസിഎൽ ഡയറക്‌ടര്‍ ഡോ. ആശിഷ് ലെലെയോട് മന്ത്രി ആവശ്യപ്പെട്ടു. എൻസിഎലിന്‍റെ സമീപത്ത് സ്ഥിതി ചെയ്യുന്ന സ്റ്റാർട്ടപ്പായ വെഞ്ചര്‍ സെന്‍റര്‍ പ്രശ്‌നം പരിശോധിക്കുകയാണെന്നും ഉടന്‍ വിഷയത്തില്‍ പരിഹാരം കാണുമെന്നും ഡോ. ആശിഷ് ലെലെ മന്ത്രിയോട് പറഞ്ഞു. സിഎസ്‌ഐആർ-യുആര്‍ഡിഐപിയുടെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര മന്ത്രി പൂനെ നാഷണല്‍ ലബോറട്ടറിയില്‍ എത്തിയത്.