ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന കൊവിഡ് വാക്‌സിനുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. മൂന്ന് മാസത്തേക്കാണ് കസ്റ്റംസ് തീരുവ എടുത്തുകളഞ്ഞത്. അതേസമയം രാജ്യത്ത് കൊവിഡ് രൂക്ഷമായതോടെ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്ത് ഓക്‌സിജനും അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്ള ഇറക്കുമതി തീരുവയും മൂന്ന് മാസത്തേക്ക് കേന്ദ്രം ഒഴിവാക്കിയിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെന്ന് കേന്ദ്രം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ഇവയുടെ കസ്റ്റംസ് ക്ലിയറന്‍സ് വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി റവന്യൂ വകുപ്പിനോട് നിര്‍ദേശിച്ചു.
കൂടുതല്‍ വായനയ്‌ക്ക് ; ജര്‍മനിയില്‍ നിന്നും ഓക്സിജന്‍ പ്ലാന്‍റുകളും കണ്ടെയ്നറുകളും ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, ഫ്ലോമീറ്റര്‍, റെഗുലേറ്റര്‍, കണക്‌ടറുകള്‍, വിപിഎസ്‌എ, പിഎസ്‌എ ഓക്‌സിജന്‍ പ്ലാന്‍റുകള്‍, ക്രയോജനിക് ഓക്‌സിജന്‍ എയര്‍ സെപ്പറേഷന്‍ യൂണിറ്റുകള്‍, ഓക്‌സിജന്‍ ഫില്ലിംങ് സിസ്റ്റം, ഓക്‌സിജന്‍ സ്റ്റോറേജ് ടാങ്കുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, ക്രയോജനിക് സിലിണ്ടറുകള്‍ തുടങ്ങി നിരവധി ഉപകരണങ്ങള്‍ക്കാണ് കസ്റ്റംസ് തീരുവ ഒഴിവാക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.
രാജ്യത്തെ മിക്ക ആശുപത്രികളിലും ഓക്സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ജർമനിയിൽ നിന്ന് ഓക്സിജൻ ഉത്പാദന പ്ലാന്‍റുകളും കണ്ടെയ്നറുകളും ഇറക്കുമതി ചെയ്യാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യ.