ദിസ്‌പൂർ: പന്നികളില്‍ അജ്ഞാത രോഗം പടരുന്നതായി മിസോറാം മൃഗസംരക്ഷണ വകുപ്പും വെറ്ററിനറി വകുപ്പും അറിയിച്ചു. രോഗത്തെ തുടർന്ന് ഇതുവരെ നൂറിലധികം പന്നികളാണ് ചത്തത്. ലുങ്‌സെൻ ഗ്രാമത്തിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്. ഏകദേശം 50 ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി അധികൃതർ വ്യക്തമാക്കി.
ചത്ത പന്നികളിൽ നടത്തിയ പരിശോധനയിൽ രോഗം സാധാരണ പന്നിപ്പനി അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആഫ്രിക്കൻ പന്നിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്ക് സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് അയക്കും. പരിശോധനാ ഫലം ലഭിച്ചാലേ അഫ്രിക്കൻ പന്നിപ്പനിയാണോയെന്ന് സ്ഥിരീകരിക്കാനാവൂവെന്നും അധികൃതര്‍ അറിയിച്ചു.