ന്യൂഡൽഹി: യുകെയിൽ നിന്ന് തിരിച്ചെത്തിയ 18 പേരിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സംശയിക്കുന്നതായി അധികൃതർ. ഇതിൽ ആറ് പേരിൽ കൊറോണ വകഭേദം സ്ഥിരീകരിച്ചു. ഇതേതുടർന്ന്, ഇന്ത്യയിൽ കൊറോണ വകഭേദം കണ്ടെത്തുന്നതിനായി ജീനോം സീക്വൻസിംഗ് ലബോറട്ടറികൾ സജ്ജമാക്കി പരിശോധന ശക്തമാക്കി. പുതിയ രോഗികളുമായി സമ്പർക്കം പുലർത്തുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയതായും ആരോഗ്യ അധികൃതർ അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് നവംബർ 25നും ഡിസംബർ 23നും ഇടയിൽ 33,000 യാത്രക്കാർ യുകെയിൽ നിന്ന് വിവിധ ഇന്ത്യൻ വിമാനത്താവളങ്ങളില്‍ എത്തിയിട്ടുണ്ട്. ജനിതക മാറ്റം വന്ന കൊറോണ കേസുകളിൽ മൂന്നെണ്ണം ബെംഗളൂരുവിൽ നിന്നും ഹൈദരാബാദ് രണ്ടും പൂനെയിൽ നിന്ന് ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മടങ്ങിയെത്തിയ 114 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
സാഴ്സ് കോവ് 2 വൈറസിൽ ഇതുവരെ 23 മ്യൂട്ടേഷനുകൾ കണ്ടെത്തിയിട്ടുണ്ട്. പുതിയ വൈറസിന് മുമ്പത്തേതിനേക്കാൾ 70 ശതമാനം കൂടുതൽ വ്യാപന ശേഷിയുണ്ട്. പുതിയ യുകെ വേരിയന്‍റിന്‍റെ സാന്നിധ്യം ഡെൻമാർക്ക്, നെതർലാൻഡ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ജർമ്മനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഇതിനകം റിപ്പോർട്ട് ചെയ്തു.