ലണ്ടൻ: ഭാരത ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന് അനുമതി നൽകി ബ്രിട്ടൻ. നവംബർ 22 മുതൽ അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള അംഗീകൃത കൊവിഡ് വാക്‌സിനുകളുടെ പട്ടികയിൽ ഇന്ത്യയുടെ കൊവാക്‌സിനും ചേർക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. നവംബർ 22 മുതൽ കൊവാക്‌സിന്‍റെ രണ്ട് ഡോസും എടുത്ത ശേഷം ഇംഗ്ലണ്ടിൽ എത്തുന്നവർക്ക് ക്വാറന്‍റൈൻ നടപടികൾ പാലിക്കേണ്ടി വരില്ലെന്നും ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. നവംബർ 22ന് പുലർച്ചെ നാല് മണി മുതലാണ് അംഗീകാരം നിലവിൽ വരിക.
ലോകാരോഗ്യ സംഘടന കൊവാക്‌സിന് അടിയന്തര ഉപയോഗാനുമതിക്കുള്ള അംഗീകാരം നൽകിയതിന് പിന്നാലെയാണ് ബ്രിട്ടനും അംഗീകാരം നൽകിയത്. ഇന്ത്യയിൽ നിർമിക്കുന്ന അസ്‌ട്ര സെനെക്ക വാക്‌സിനായ കൊവിഷീൽഡിന് കഴിഞ്ഞ മാസം ബ്രിട്ടൻ അംഗീകാരം നൽകിയിരുന്നു. കൊവാക്‌സിന് പുറമെ ചൈനയുടെ സിനോവാക്, സിനോഫാം എന്നീ വാക്‌സിനുകൾക്കും യുകെ അംഗീകാരം നൽകിയിട്ടുണ്ട്.
18 വയസിൽ താഴെയുള്ളവർക്കും യുകെ സർക്കാർ യാത്ര ഇളവുകൾ നൽകിയിട്ടുണ്ട്. അവരെ പൂർണമായും വാക്‌സിൻ എടുത്തവരായി കണക്കാക്കുമെന്നും ക്വാറന്‍റൈൻ പോലെയുള്ളവയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.
Also Read: ഭോപ്പാലിലെ ആശുപത്രിയിൽ തീപിടിത്തം; നാല് നവജാത ശിശുക്കള്‍ മരിച്ചു