മുംബൈ : മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും അവസരം ലഭിച്ചാൽ മഹാ വികാസ് അഘാഡി സഖ്യം സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. വിമത എംഎൽഎമാർ ആവശ്യപ്പെട്ടാൽ രാജി നൽകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം.
അതേസമയം സംസ്ഥാനത്ത് രാഷ്‌ട്രീയ പ്രതിസന്ധി കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇന്ന് വൈകിട്ട് എൻസിപി അധ്യക്ഷൻ ശരദ് പവാർ, സുപ്രിയ സുലെ, ജിതേന്ദ്ര അവാദ് എന്നിവർ ഉദ്ധവ് താക്കറെയുടെ മുംബൈയിലെ വസതിയിലെത്തിയിരുന്നു. ഒരു മണിക്കൂറോളം നീണ്ടുനിന്ന യോഗം കഴിഞ്ഞ ശേഷം അനുയായികളെ അഭിവാദ്യം ചെയ്യാൻ താക്കറെ പുറത്തേക്ക് വരുകയും ചെയ്‌തിരുന്നു.
അതേസമയം പ്രകൃതിവിരുദ്ധമായ കൂട്ടുകെട്ടിൽ നിന്ന് പുറത്തുകടക്കേണ്ടത് പാർട്ടിയുടെ നിലനിൽപ്പിന് തന്നെ അത്യന്താപേക്ഷിതമാണെന്ന് ശിവസേന വിമത എംഎൽഎ ഏക്‌നാഥ് ഷിൻഡെ ട്വീറ്റ് ചെയ്‌തു. താക്കറെയുടെ രാജി സംബന്ധിച്ച് പ്രതികരണങ്ങൾക്ക് പിന്നാലെയായിരുന്നു ഷിൻഡെയുടെ ട്വീറ്റ്.
രണ്ടര വർഷമായി മഹാ വികാസ് അഘാഡി സർക്കാരിൽ ഗുണം ചെയ്തത് ഘടകകക്ഷികൾക്ക് മാത്രമാണ്. അവർക്ക് മാത്രമേ നേട്ടമുണ്ടായിട്ടുള്ളൂ. അതിനാൽ ഇപ്പോൾ മഹാരാഷ്ട്രയുടെ താൽപര്യത്തിനനുസരിച്ച് ഇപ്പോൾ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണ്, ഷിൻഡെ കൂട്ടിച്ചേർത്തു.
മഹാവികാസ് അഘാഡി സഖ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കി ശിവസേന നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ ബിജെപി പാളയത്തോട് അടുത്തതോടെയാണ് മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പോര് ആരംഭിച്ചത്. രണ്ട് ദിവസമായി നടന്ന അനുനയ ചർച്ചകൾ പരാജയപ്പെട്ടതും ഷിൻഡെയെ പിന്തുണയ്ക്കുന്ന ശിവസേന എംഎല്‍എമാരുടെ എണ്ണം അനുദിനം വർധിക്കുന്നതുമാണ് ഉദ്ധവ് രാജിസന്നദ്ധത അറിയിച്ച് രംഗത്ത് എത്താൻ കാരണം.