മുംബൈ: വിവാഹ ശേഷം കന്യകയല്ലെന്നാരോപിച്ച് ഭാര്യയെ ഉപേക്ഷിച്ച് ഭർതൃ വീട്ടുകാർ. മഹാരാഷ്‌ട്രയിലെ കോലാപ്പൂരിലാണ് സംഭവം. ഒരേ കുടുംബത്തിലേക്ക് വിവാഹം കഴിഞ്ഞ് പോയ സഹോദരിമാർക്കാണ് വിചിത്രമായ അനുഭവം നേരിടേണ്ടി വന്നത്. 2020 നവംബർ 27 നാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മൂന്നാം നാൾ കന്യകാത്വ പരിശോധന നടത്തുകയും സഹോദരിമാരിൽ ഒരാൾ കന്യകയല്ലെന്ന് പരിശോധനാഫലം വരികയുമായിരുന്നു. തുർന്ന് ഭർത്തൃ മാതാവ് രണ്ടുപേരെയും തിരികെ അവരുടെ വീടുകളിലേക്ക് അയക്കുകയും ചെയ്‌തു.
യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ ഗ്രാമ പഞ്ചായത്ത് ചേരുകയും സർപഞ്ചിന് മുന്നിൽ വച്ച് ഭർത്താവും വീട്ടുകാരും നിലപാട് അറിയിക്കുകയും ചെയ്‌തു. ഭർത്തൃ വീട്ടിൽ പീഡനം ഏൽക്കേണ്ടി വന്നതായും യുവതി പഞ്ചായത്തിൽ പറഞ്ഞു. എന്നാൽ ഭർത്താവിൻ്റെയും വീട്ടുകാരുടെയും നിലപാടിൽ വലിയ പ്രതിഷേധമുയർന്നതോടെ പെൺകുട്ടികളുടെ വീട്ടുകാർ പൊലീസിനെ സമീപിച്ചു. പെൺകുട്ടികളെ തിരികെ വീട്ടിലേക്കയച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
സംഭവം വിവാദമായതോടെ പൊലീസും അധികൃതരും രംഗത്തെത്തി. കന്യകാത്വ പരിശോധനകൾ അശാസ്ത്രീയമാണെന്നും ലൈംഗിക ബന്ധത്തിലൂടെ മാത്രമേ കന്യകാത്വം നഷ്‌ടപ്പെടുകയുള്ളൂവെന്ന വാദം തെറ്റാണെന്നും പൊതു പ്രവർത്തക ഗീത ഹസൂർക്കർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.