ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറും കപില്‍ ദേവും സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമെല്ലാം മുമ്പേ ഇടംപിടിച്ച അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ഹാള്‍ ഓഫ് ഫെയിമിലേക്ക് ഇന്ത്യയില്‍ നിന്നും വീണ്ടും രണ്ട് എന്‍ട്രി കൂടി. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് ഓപ്പണറായിരുന്ന വിരേന്ദര്‍ സെവാഗും ഇന്ത്യന്‍ വനിത ടെസ്‌റ്റ് ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായിരുന്ന ഡയാന ഇഡല്‍ജിയുമാണ് അഭിമാന നേട്ടം കൈവരിച്ചത്. ഇരുവര്‍ക്കുമൊപ്പം മുന്‍ ശ്രീലങ്കന്‍ ബാറ്റര്‍ അരവിന്ദ ഡി സില്‍വയും ഇനിമുതല്‍ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമിന് മാറ്റ് കൂട്ടും.
ഐസിസിയുടെ ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിമിലേക്ക് പുതുതായി മൂന്ന് മികച്ച താരങ്ങളെ കൂടി ഉള്‍പ്പെടുത്തുന്നുവെന്ന് പ്രസ്‌താവനയിലൂടെയാണ് ഐസിസി അറിയിച്ചത്. ഇതോടെ ഐസിസി ഹാള്‍ ഓഫ് ഫെയിമിന് മിഴിവേകുന്ന താരങ്ങളുടെ എണ്ണം 112 ആയും ഉയര്‍ന്നു. ഇതില്‍ മുമ്പേ ഇടംപിടിച്ച സുനില്‍ ഗവാസ്‌കര്‍, ബിഷന്‍ സിങ് ബേദി, കപില്‍ ദേവ്, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിനു മങ്കാദ് എന്നിവര്‍ക്കൊപ്പം വിരേന്ദര്‍ സെവാഗും ഡയാന ഇഡല്‍ജിയും കൂടി എത്തിയതോടെ ഇന്ത്യന്‍ താരങ്ങളുടെ എണ്ണം എട്ടായും ഉയര്‍ന്നു. മാത്രമല്ല ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം കണ്ടെത്തുന്ന ആദ്യ വനിത ഇന്ത്യന്‍ ക്രിക്കറ്ററായും ഡയാന ഇഡല്‍ജി മാറി.
'ക്രിക്കറ്റിലെ ഡയാന': 1978ലും 1993ലും ഉള്‍പ്പടെ മൂന്ന് ഐസിസി വനിത ക്രിക്കറ്റ് ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ച ഡയാന ഇഡല്‍ജിയുടെ നേതൃപാടവം ഉൾപ്പെടെയുള്ള പ്രധാന സംഭാവനകൾ പരിഗണിച്ചാണ് ഹാള്‍ ഓഫ് ഫെയിമിലേക്ക് ക്ഷണിച്ചതെന്ന് ഐസിസി വ്യക്തമാക്കി. തന്‍റെ രണ്ടാം ടെസ്‌റ്റ് മത്സരത്തിലെ തകര്‍പ്പന്‍ സെഞ്ചുറിയും എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മത്സരത്തില്‍ 64 റണ്‍സിന് ആറ് വിക്കറ്റെന്ന എണ്ണംപറഞ്ഞ ബൗളിങ് പ്രകടനവും ഉള്‍പ്പടെയുള്ള നേട്ടങ്ങളുടെ പിന്‍ബലത്തിലാണ് ഡയാന ഇഡല്‍ജി, ഹാള്‍ ഓഫ് ഫെയിമിലേക്ക് നടന്നടുത്തത്.
പ്രതീക്ഷിക്കാതെയുള്ള അംഗീകാരമെന്ന് താരം: ഐസിസി ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിമിലേക്ക് തന്നെ ഉൾപ്പെടുത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡയാന ഇഡല്‍ജി ഇടിവി ഭാരതിനോട് പ്രതികരിച്ചു. ഇത് തനിക്ക് മാത്രമല്ല ഇന്ത്യൻ വനിത ക്രിക്കറ്റിനും ബിസിസിഐക്കും ലഭിച്ച വലിയ അംഗീകാരമാണെന്ന് അവര്‍ പറഞ്ഞു. ഇതിന് തന്നെ പ്രാപ്‌തയാക്കിയ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അവര്‍ നന്ദിയറിയിക്കുകയും ചെയ്‌തു. മാത്രമല്ല ക്രിക്കറ്റ് ജീവിതത്തിനിടെ നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസുതുറക്കാനും താരം മറന്നില്ല.
വെല്ലുവിളികള്‍ തുറന്നുപറഞ്ഞ്: ഞങ്ങള്‍ കളിച്ചിരുന്ന കാലത്ത് മാധ്യമങ്ങളുടെ കവറേജിന്‍റെ അഭാവം ഉള്‍പ്പടെ നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു. എന്നിട്ടും രാജ്യത്തിനും ക്രിക്കറ്റിനും വേണ്ടി സകലതും നല്‍കാനുള്ള തീക്ഷ്‌ണതയും ആവേശവും ഞങ്ങള്‍ക്കുണ്ടായിരുന്നു. നിലവില്‍ ഐസിസിയില്‍ നിന്ന് ലഭിച്ചിരിക്കുന്ന അംഗീകാരം വനിത ക്രിക്കറ്റിലെ കൂട്ടായ്‌മകള്‍ക്ക് അഭിമാനം കൂടിയാണെന്നും ഡയാന ഇഡല്‍ജി പറഞ്ഞു.
ഒപ്പം അടുത്തിടെ ഐസിസി ട്രോഫിയില്‍ മുത്തമിട്ട പെണ്‍കുട്ടികളുടെ അണ്ടര്‍ 19 ടീമിനെ ഡയാന ഇഡല്‍ജി അഭിനന്ദിക്കുകയും ചെയ്‌തു. നമ്മുടെ അണ്ടർ 19 പെണ്‍കുട്ടികള്‍ നേടിയത് പോലെ, സീനിയര്‍ താരങ്ങളുടെ ഐസിസി ട്രോഫികൾ വീട്ടിലേക്കെത്തിക്കുന്നത് താന്‍ സ്വപ്‌നം കാണുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വീരുവിന്‍റെ വീരോജ്ജ്വല എന്‍ട്രി: ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണകാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഒരു പേര് കൂടിയാണ് വിരേന്ദര്‍ സേവാഗ്. ഓപ്പണറായി ക്രീസിലെത്തിയത് മുതല്‍ വെടിക്കെട്ടിന് തീക്കൊളുത്താറുള്ള വീരുവിന്‍റെ ഇന്നിങ്‌സുകള്‍ തന്നെയാണ് കായികപ്രേമികള്‍ക്കിടയില്‍ അദ്ദേഹത്തെ ജനകീയനാക്കിയതും. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ഉള്ളിടത്തോളം കാലം സെവാഗിനെ പോലെ നിലവിലെ ടീമില്‍ ആര് എന്ന ചോദ്യം ഉയര്‍ന്നുകൊണ്ടേയിരിക്കുമെന്നും നിരീക്ഷകര്‍ അടിവരയിടുന്നുണ്ട്.
ഇതിനൊപ്പം 2007 ലെ ഐസിസി ടി20 ലോകകപ്പിലെയും 2011 ലെ ഐസിസി പുരുഷ ഏകദിന ലോകകപ്പിലെയും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതാണ്, സെവാഗിനെ ഹാള്‍ ഓഫ് ഫെയിമിലേക്ക് ആനയിക്കാനുള്ള കാരണമെന്നാണ് ഐസിസിയുടെ വിശദീകരണം. ഇതുകൂടാതെ തന്‍റെ ശ്രദ്ധേയമായ കരിയറില്‍ 23 ടെസ്‌റ്റ് സെഞ്ചുറികളും, 2008 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള 319 റണ്‍സ് എന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകളിലൊന്ന് ഉള്‍പ്പടെ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ നേട്ടങ്ങള്‍ക്കൊപ്പം ചേര്‍ത്തുവായിക്കേണ്ട പേര് കൂടിയാണ് വിരേന്ദര്‍ സേവാഗ്.
അരവിന്ദ ഡി സിൽവ ഹാളില്‍ കയറിയ വഴി: 1996 ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയുടെ വിജയത്തില്‍ പ്രധാനിയായിരുന്നു ബാറ്റര്‍ അരവിന്ദ ഡി സിൽവ. തന്‍റെ 18 വർഷത്തെ അന്താരാഷ്‌ട്ര കരിയറിൽ 20 ടെസ്‌റ്റ് സെഞ്ചുറികൾ നേടി ശ്രീലങ്കൻ പുരുഷ താരങ്ങളിൽ മൂന്നാമനാകാനും അദ്ദേഹത്തിനായിരുന്നു. 308 ഏകദിനങ്ങളിൽ നിന്ന് 11 സെഞ്ചുറികൾ നേടി അദ്ദേഹത്തിന്‍റെ മികവ് വൈറ്റ്-ബോൾ ക്രിക്കറ്റിലും പ്രസിദ്ധമാണ്.