രാജ്‌കോട്(ഗുജറാത്ത്): ചൈന, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയ ഗുജറാത്ത് സ്വദേശികളായ രണ്ട് സ്‌ത്രീകള്‍ക്ക് കൊവിഡിന്‍റെ വകഭേദമായ ഒമിക്രോണിന്‍റെ ഏറ്റവും പുതിയ വകഭേദമായ ബിഎഫ്.7 സ്ഥിരീകരിച്ചു. പരിശോധന ഫലം പോസ്‌റ്റീവ് ആയതിനെ തുടര്‍ന്ന് ഇരുവരോടും കുടുംബാംഗങ്ങളോടും സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരോടും നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന് രാജ്കോടിലെ ഭാവ്നഗറിന് സമീപമുള്ള പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയാണ്.
ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ഭാവ്നഗര്‍ നഗരസഭ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കൊവിഡിന് ശേഷം ഏറ്റവും പുതിയ വകഭേദമായ ബിഎഫ്.7 ലോകം മുഴുവന്‍ അതിവേഗം വ്യാപിക്കുകയാണ്. ഇന്നലെ മാത്രം 500 മുതല്‍ 600 വരെ പരിശോധനയാണ് നടത്തിയതെന്ന് നഗരത്തിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ ആര്‍ കെ സിന്‍ഹ പറഞ്ഞു.
മുന്‍സിപ്പാലിറ്റിയിലെ 14 ആരോഗ്യ കേന്ദ്രങ്ങളിലാണ് ദ്രുത പരിശോധന നടത്തിയത്. ബിഎഫ്.7 വ്യാപിച്ചവര്‍ക്ക് സന്ധികളിലും കാലുകളിലും പാദങ്ങളിലും ഇടപ്പിലും വേദന അനുഭവപ്പെടുമെന്ന് സിന്‍ഹ പറഞ്ഞു. ബൂസ്‌റ്റര്‍ ഡോസ് വീണ്ടും നല്‍കുന്ന നടപടി ആരംഭിച്ചു കഴിഞ്ഞു. നഗരത്തിലെ 23 ശതമാനം ആളുകള്‍ മാത്രമാണ് ബൂസ്‌റ്റര്‍ ഡോസ് സ്വീകരിച്ചത്.
ഒന്‍പത് ലക്ഷത്തില്‍പരം ആളുകളും ഇനിയും ബൂസ്‌റ്റര്‍ ഡോസ് സ്വീകരിക്കേണ്ടതായിട്ടുണ്ട്. ചൈന നേരിടുന്ന കടുത്ത കൊവിഡ് പ്രതിസന്ധിയുടെ ഫലമാണ് ഇന്ത്യയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്‌ത നാല് കേസുകള്‍. ഗുജറാത്തിലും ഒഡിഷയിലും രണ്ട് കേസുകള്‍ ഉള്‍പ്പടെ ആകെ നാല് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.