റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചി ജില്ലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് രണ്ട് കുടുംബങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ജില്ലയിലെ സർദാർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ശനിയാഴ്‌ചയാണ് സംഭവം.
സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സ്വത്തുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ പരസ്‌പരം മർദിക്കുന്നതായാണ് ദൃശ്യങ്ങൾ. സംഘർഷത്തിൽ ഒരു സ്‌ത്രീക്കും മർദനമേറ്റു. കൂട്ടത്തിൽ ഒരാൾ റിവോൾവർ എടുത്ത് വെടിയുതിർത്തിരുന്നു.
വിവരമറിഞ്ഞ് പൊലീസ് എത്തുന്നതിന് മുൻപെ സംഘം രക്ഷപ്പെട്ടു. വൈറൽ വീഡിയോയുടെ അടിസ്ഥാനത്തിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ എല്ലാവരും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് സർദാർ പൊലീസ് പറഞ്ഞു.