ബെംഗളൂരു: കർണാടകയിലെ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ നുഗു വന്യജീവി സങ്കേതത്തിൽ അനവശനിലയിൽ കണ്ടെത്തിയ മൂന്ന് കടുവക്കുട്ടികളിൽ രണ്ടെണ്ണം പട്ടിണി കിടന്ന് ചത്തു. കുട്ടികളെ വനവകുപ്പ് ഉദ്യോഗസ്ഥർ ചികിത്സയ്ക്കായി മൈസൂർ മൃഗശാലയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ ഒരു കടുവക്കുട്ടി ആശുപത്രിയിലേക്കുള്ള യാത്രയിലും മറ്റൊന്ന് ആശുപത്രിയിൽ വച്ചുമാണ് ചത്തത്. മൂന്നാമത്തെ കടുവകുഞ്ഞിനെ അസിസ്റ്റന്‍റ് ഫോറസ്റ്റ് ഓഫിസറുടെ നിരീക്ഷണത്തിൽ ചികിത്സിച്ചുകൊണ്ടിരിക്കുകയാണ്.
കടുവകുട്ടികൾ പട്ടിണി മൂലം ചത്താതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അമ്മക്കടുവയെ കണ്ടെത്താനായുള്ള തെരച്ചിൽ ആരംഭിച്ചെന്നും ഫോറസ്റ്റ് അധികൃതർ അറിയിച്ചു. മൂന്ന് കുട്ടികളെയും കണ്ടെത്തിയ അതേ സ്ഥലത്ത് അമ്മക്കടുവയുടെ എന്ന് സംശയിക്കുന്ന കടുവയുടെ കാൽപ്പാടുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കടുവയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ച് കോമ്പിംഗ് ഓപ്പറേഷൻ ആരംഭിച്ചതായി പ്രോജക്‌ട് ഡയറക്‌ടർ എസ്.ആർ നടേഷ് പറഞ്ഞു.