ചെന്നൈ : തമിഴ്‌നാട്ടില്‍ ആദ്യമായി സര്‍ക്കാര്‍ ലോ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അഭിഭാഷകയായി എൻറോള്‍ ചെയ്‌തു. ചെന്നൈ വേളാച്ചേരി സ്വദേശിയായ പി എസ് കണ്‍മണിയാണ് അഭിഭാഷകയാകുന്ന ആദ്യ സര്‍ക്കാര്‍ ലോ കോളജ് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥി. അംബേദ്‌കര്‍ ഗവണ്‍മെന്‍റ് ലോ കോളജില്‍ അഞ്ചുവര്‍ഷത്തെ നിയമ പഠനം പൂര്‍ത്തിയാക്കിയ കണ്‍മണി ഇന്നലെയാണ് അഭിഭാഷകയായി എൻറോള്‍ ചെയ്‌തത്.
ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ തമിഴ്‌നാട്, പുതുച്ചേരി ബാര്‍ കൗണ്‍സില്‍ പ്രസിഡന്‍റ് അമല്‍രാജ് കണ്‍മണിക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നല്‍കി. സിവിൽ ജഡ്‌ജ് പരീക്ഷക്കായുള്ള തയ്യാറെടുപ്പില്‍ വേളാച്ചേരിയിലെ ചന്ദുരു നിയമ കേന്ദ്രത്തിൽ പരിശീലനം നടത്തുകയാണ് നിലവില്‍ കണ്‍മണി. ചെന്നൈയിലെ വേളാച്ചേരിയില്‍ 2000 ഏപ്രില്‍ രണ്ടിനാണ് കണ്‍മണി ജനിച്ചത്.
രണ്ട് ആണ്‍കുട്ടികള്‍ക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും ശേഷം കുടുംബത്തില്‍ ജനിച്ച അവസാനത്തെ ആണ്‍കുട്ടിയായിരുന്നു അവള്‍. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ സ്‌ത്രൈണത പ്രകടിപ്പിച്ചുതുടങ്ങിയെങ്കിലും കണ്‍മണിയെ കുടുംബം അംഗീകരിച്ചില്ല. ഇതിനിടയില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്കും കണ്‍മണി വിധേയയായി.
സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനിടെ ലിംഗമാറ്റത്തിന് വിധേയനായ മകനെ സ്വീകരിക്കാൻ വീട്ടുകാർ തയ്യാറായില്ല. 2017-ൽ 12-ാം ക്ലാസ് പൂർത്തിയാക്കിയ ശേഷം അവൾ വീട്ടിൽ നിന്ന് മാറി ഹോസ്റ്റലിൽ താമസം ആരംഭിച്ചു. പുതുച്ചേരിയിലെ ചെങ്കൽപട്ട് ജില്ലയിലെ ഡോ. അംബേദ്‌കർ ഗവൺമെന്‍റ് ലോ കോളജിൽ അഞ്ച് വർഷത്തെ കോഴ്‌സ് പൂർത്തിയാക്കുകയും ചെയ്‌തു.
വീട്ടുകാര്‍ ഒപ്പമില്ലാതിരുന്നിട്ടും തനിക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാനായതിനുപിന്നില്‍ സ്‌കൂളിലും കോളജിലും ഉണ്ടായിരുന്ന സഹപാഠികളും അധ്യാപകരും ആണെന്ന് കണ്‍മണി പറയുന്നു. ജഡ്‌ജിയാകണം എന്നാണ് തന്‍റെ ആഗ്രഹമെന്നും കണ്‍മണി പറഞ്ഞു.