ഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ ക്ഷേത്രത്തിന്‍റെ താഴികക്കുടത്തിലിടിച്ച് വിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റിന് പരിക്കേറ്റു. വ്യാഴാഴ്‌ച പരിശീലനത്തിനിടെയാണ് അപകടം നടന്നത്.
പരിശീലന പറക്കലിനിടെ ചൗർഹത എയർസ്‌ട്രിപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിലെ താഴികകുടത്തിലാണ് വിമാനം ഇടിച്ചത്. സ്വകാര്യ ഏവിയേഷൻ ട്രെയിനിങ് സ്ഥാപനമായ ഫാൽക്കൺ ഏവിയേഷൻ അക്കാദമിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പട്‌ന സ്വദേശിയായ കാപ്‌റ്റൻ വിമൽ കുമാർ (50) ആണ് മരണപ്പെട്ടത്.
കൂടെ ഉണ്ടായിരുന്ന ജയ്‌പൂർ സ്വദേശിയായ ട്രെയിനി പൈലറ്റ് സോനു യാദവിനെ (23) പരിക്കുകളോടെ സർക്കാർ സഞ്‌ജയ് ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില തൃപ്‌തികരമാണെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ കെപി വെങ്കിടേശ്വര റാവു അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഭോപ്പാലിൽ മാധ്യമങ്ങളോട് സംസാരിക്കവെ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.