പട്‌ന : ബിഹാറിലെ ഖഗാരിയയിൽ റെയിൽവേ പാലത്തിൽ നിന്ന് റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ തട്ടി സുഹൃത്തുക്കളായ രണ്ട് പേർ മരിച്ചു. ഖഗാരിയ സ്വദേശികളായ സോനു, നിതീഷ് എന്നിവരാണ് മരിച്ചത്. റെയിൽവേ പാലത്തിൽ നിന്ന് പുഴയിലേയ്‌ക്ക് എടുത്തുചാടിയ മറ്റൊരു സുഹൃത്ത് അമൻ പരിക്കുകളോടെ രക്ഷപ്പെട്ടു.
ബറൗനി സഹർസ റെയിൽവേ ബ്ലോക്കിലെ ധമര ഘട്ട് സ്റ്റേഷന് സമീപം ഇന്നലെയായിരുന്നു അപകടം. മൂവരും 16നും 19നും ഇടയിൽ പ്രായമുള്ളവരാണ്. പുതുവർഷത്തിൽ ധമര ഘട്ട് സ്റ്റേഷന് സമീപമുള്ള മാ കാത്യായനി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നുവെന്നും മെയിൻ റോഡിൽ ആൾക്കൂട്ടമായിരുന്നതിനാൽ കുറുക്കുവഴിയായ റെയിൽവേ പാലത്തിലൂടെ കടക്കാൻ ശ്രമിച്ചതാണെന്നും രക്ഷപ്പെട്ട അമൻ പറഞ്ഞു.
ഇതിനിടയിൽ സോനുവും നിതീഷും റീൽസ് ഷൂട്ട് ചെയ്യാൻ നിന്നു. മൂന്ന് വീഡിയോകള്‍ അപ്‌ലോഡ് ചെയ്‌ത ശേഷവും അവർ തുടര്‍ന്നും ചിത്രീകരിച്ചു. അപ്പോഴാണ് അതേ ട്രാക്കിലൂടെ മറുവശത്തുനിന്ന് ട്രെയിൻ വന്നത്. മൂടൽമഞ്ഞ് കാരണം സോനുവും നിതീഷും ട്രെയിൻ കണ്ടില്ല. കുറച്ചുദൂരം അകലെ ആയിരുന്നതുകൊണ്ടാണ് താൻ ചാടി രക്ഷപ്പെട്ടതെന്ന് അമൻ പറഞ്ഞു.