ജയ്‌പൂർ : രാജസ്ഥാനിൽ ഭക്തർ സഞ്ചരിച്ച ട്രാക്‌ടർ ട്രോളി തോട്ടിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. ജുൻജുനുവിലെ ഉദയ്‌പൂർവതി പ്രദേശത്തെ മൻസ മാതാ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ഉദയ്‌പൂർവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ജില്ല കലക്‌ടർ ഡോ ഖുഷാൽ യാദവ്, എസ്‌പി മൃദുൽ കച്ചാവ എന്നിവർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരിൽ ഭൂരിഭാഗവും സ്‌ത്രീകളാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
ഇന്ന് ക്ഷേത്രത്തിൽ പ്രത്യേക പൂജയും അന്നദാനവും നടന്നിരുന്നു. ഇതേ തുടർന്നാണ് ഇത്രയധികം ജനങ്ങൾ ക്ഷേത്രത്തിലേക്ക് എത്തിയത്. പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു.
മൈസൂരു വാഹനാപകടം : ഇന്ന് കർണാടകയിലെ മൈസൂരുവിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരണപ്പെട്ടിരുന്നു. സംഭവത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. മൈസൂരിലെ കൊല്ലഗൽ - ടി നരസിപുര മെയിൻ റോഡിൽ കുറുബുരു ഗ്രാമത്തിന് സമീപം ഇന്ന് ഉച്ചയ്‌ക്ക് 2.30നാണ് അപകടം നടന്നത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകട സമയത്ത് കാറിലുണ്ടായിരുന്നവർ ബെല്ലാരി സ്വദേശികളാണ്. മലേ മദേശ്വര ദർശനം കഴിഞ്ഞ് മൈസൂരുവിലേക്ക് പോവുന്നതിനിടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നിരുന്നു.
also read : മൈസൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് 10 മരണം; നിരവധി പേര്‍ക്ക് പരിക്ക്
കാറും ബസും കൂട്ടിയിടിച്ച് അപകടം : കര്‍ണാടകയില്‍ ഏപ്രില്‍ 14ന് രണ്ട് വാഹനാപകടങ്ങളില്‍ 11 പേര്‍ മരണപ്പെട്ടു. കുടക് ജില്ലയിലെ സംപാജെ ഗേറ്റിലും തുംകൂർ ജില്ലയിലെ സിറയിലുമാണ് വാഹനാപകടങ്ങൾ നടന്നത്. അപകടങ്ങളില്‍ പരിക്കേറ്റ ഒൻപത് പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
സംപാജെ ഗേറ്റില്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഈ അപകടത്തിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പടെ ആറ് പേരാണ് മരിച്ചത്. മാണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ നിന്നും ദക്ഷിണ കന്നഡയിലെ സുള്ള്യയിലേക്ക് പോവുകയായിരുന്നവരാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
തൃശൂരിൽ ലോറിയിൽ ബസിടിച്ച് അപകടം : നാല് ദിവസം മുൻപ് കേരളത്തിലെ തൃശൂരിൽ വച്ച് ലോറിയ്‌ക്ക് പിന്നിൽ ബസിടിച്ച് 23 പേർക്ക് പരിക്കേറ്റിരുന്നു. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പുറകിൽ ബസ് വന്നിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരിൽ പലരും ചികിത്സയിൽ തുടരുകയാണ്.