ന്യൂഡല്‍ഹി: തദ്ദേശീയമായി ഗൃഹോപകരണങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനുമായുള്ള പിഎല്‍ഐ പദ്ധതിക്ക് മികച്ച പ്രതികരണം. എയർകണ്ടീഷണര്‍, എൽഇഡി ലൈറ്റുകള്‍ എന്നിവയുടെ ഭാഗങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനായി 5,800 കോടിയിലധികം രൂപയുടെ നിക്ഷേപ അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. ബ്ലൂ സ്റ്റാർ, പാനസോണിക്, ഹിറ്റാച്ചി തുടങ്ങിയ ആഗോള ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ 52 ഓളം കമ്പനികളിൽ നിന്നാണ് അപേക്ഷ ലഭിച്ചിരിക്കുന്നത്.
എസിയുടെ ഭാഗങ്ങള്‍ ഉൽപ്പാദിപ്പിക്കുന്നതിനായി 31 കമ്പനികൾ ഏകദേശം 5,000 കോടി രൂപയുടേയും എൽഇഡിയുടെ ഭാഗങ്ങള്‍ ഉൽപ്പാദിപ്പിക്കുന്നതിനായി 871 കോടി രൂപയുടെയും നിക്ഷേപ അപേക്ഷകള്‍ ലഭിച്ചു. രണ്ട് മാസത്തിനുള്ളിൽ സർക്കാർ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
തദ്ദേശീയ ഉത്പാദനവും തൊഴില്‍ അവസരവും
എയർകണ്ടീഷണറുകൾക്കായി കംപ്രസ്സറുകൾ, കോപ്പർ ട്യൂബിങ്, ഫോയിലുകൾക്കുള്ള അലുമിനിയം സ്റ്റോക്ക്, ഡിസ്പ്ലേ യൂണിറ്റുകൾ, ബിഎല്‍ഡിസി മോട്ടോറുകൾ തുടങ്ങിയ ഭാഗങ്ങളാണ് ഉത്പാദിപ്പിക്കുക. എൽഇഡി ലൈറ്റുകൾക്കായി എൽഇഡി ചിപ്പ് പാക്കേജിങ്, എൽഇഡി ഡ്രൈവര്‍, എൽഇഡി എഞ്ചിന്‍, എൽഇഡി ലൈറ്റ് മാനേജ്മെന്‍റ് സിസ്റ്റം, മെറ്റൽ ക്ലാഡ് പിസിബി തുടങ്ങിയവയും ഉത്പാദിപ്പിക്കും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് 2.71 ലക്ഷം കോടി രൂപയുടെ ഗൃഹോപകരണങ്ങള്‍ ഉത്പാദിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. നിലവിൽ എസി, എൽഇഡി ലൈറ്റുകകളുടെ ഭൂരിഭാഗം ഭാഗങ്ങളും ചൈന, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
അടുത്ത അഞ്ച് വർഷത്തേക്ക് 6,238 കോടി രൂപ മുടക്ക് മുതലില്‍ കഴിഞ്ഞ ഏപ്രിലിലാണ് പിഎല്‍ഐ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത്. തുടര്‍ന്ന് പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്‌ട്രീസ് ആന്‍ഡ് ഇന്‍റേണല്‍ ഡ്രേഡ് വകുപ്പ് പദ്ധതി വിജ്ഞാപനം ചെയ്‌തു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 ആയിരുന്നു.
പദ്ധതിയിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ആഗോള വിതരണ ശൃംഖലകളില്‍ ഇന്ത്യയെ അവിഭാജ്യ ഘടകമാക്കുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Also read: 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്