തമിഴ്‌നാട്ടിൽ സർക്കാർ ഗവർണർ പോര് കടുക്കുന്നു; കേന്ദ്ര ഉപദേശം തേടാൻ ആർ എൻ രവി ഡൽഹിക്ക് - Governor Government Clash
Governor Government Clash : ഗവര്‍ണര്‍ നേരത്തെ മടക്കിയ പത്ത് ബില്ലുകള്‍ തമിഴ്‌നാട് സർക്കാർ വീണ്ടും നിയമസഭയിൽ പാസാക്കിയിരുന്നു. ഈ നടപടിയോടെ ഏറെ നാളുകളായി തുടരുന്ന സർക്കാർ-ഗവർണർ പോര് രൂക്ഷമായി.
Published : Nov 19, 2023, 7:10 PM IST
ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാരുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ കേന്ദ്ര സർക്കാരിന്‍റെയും നിയമ വിദഗ്‌ധരുടെയും ഉപദേശം തേടാനൊരുങ്ങി ഗവർണർ ആർ എൻ രവി. ഇതിനായി അദ്ദേഹം ഉടൻ ഡൽഹിക്ക് തിരിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ട് (TN Governor RN Ravi Will Leave For Delhi After Readopting The 10 Resolution In Assembly). ഗവര്‍ണര്‍ നേരത്തെ മടക്കിയ പത്ത് ബില്ലുകള്‍ കഴിഞ്ഞ ദിവസം സർക്കാർ വീണ്ടും നിയമസഭയിൽ പാസാക്കിയിരുന്നു. ഈ നടപടിയോടെ ഏറെ നാളുകളായി തുടരുന്ന സർക്കാർ-ഗവർണർ പോര് രൂക്ഷമായി.
ഇന്നലെ (ശനിയാഴ്‌ച) നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ഏറെനാളായി അംഗീകാരം നല്‍കാതെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി പിടിച്ചു വച്ചിരുന്ന ബില്ലുകള്‍ വീണ്ടും അവതരിപ്പിച്ചത്. ഗവര്‍ണര്‍ മടക്കിയ ബില്ലുകള്‍ പുനരവതരിപ്പിക്കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ (M K Stalin) പ്രമേയം കൊണ്ടുവന്നിരുന്നു. ഇതോടെ നേരത്തേതില്‍ നിന്ന് യാതൊരു മാറ്റവും വരുത്താതെ തന്നെ ബില്ലുകള്‍ പാസാക്കപ്പെട്ടു. പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും ഇറങ്ങിപ്പോയെങ്കിലും ബില്ലുകള്‍ ശബ്‌ദ വോട്ടോടെ പാസാക്കുകയായിരുന്നു.
ഡല്‍ഹിയിലെത്തിയാല്‍ ആർ എൻ രവി ആഭ്യന്തര മന്ത്രി അമിത് ഷായുമായും (Amit Shah) നിയമ വിദഗ്‌ധരുമായും കൂടിക്കാഴ്‌ച നടത്തുമെന്നാണ് സൂചന. ഗവർണറുടെ സെക്രട്ടറി, അസിസ്റ്റന്‍റ്, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരും അദ്ദേഹത്തെ അനുഗമിക്കും. ഗവര്‍ണര്‍മാര്‍ ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിനെതിരെ തമിഴ്‌നാടും കേരളവും സമർപ്പിച്ച ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഈ സംഭവവികാസങ്ങൾ എന്നത് ശ്രദ്ധേയമാണ്.
ഗവർണർക്ക് സുപ്രീം കോടതി വിമർശനം: നവംബർ 10 ന്, ബില്ലുകൾ ഒപ്പിടാത്തതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഗവർണറെ വിമർശിച്ചിരുന്നു. 12 ബില്ലുകൾ, 54 തടവുകാരുടെ മോചനം, പ്രോസിക്യൂഷൻ അനുമതി, തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മിഷനിലെ 10 അംഗങ്ങളുടെ നിയമനം എന്നിവ സംബന്ധിച്ച് സർക്കാർ എടുത്ത നിരവധി തീരുമാനങ്ങളുടെ ഫയലുകളാണ് ഗവർണർക്ക് മുന്നിലെത്തിയത്. ഇതിൽ ഗവർണർ നടപടിയെടുക്കാത്തതിൽ കോടതി ആശങ്ക രേഖപ്പെടുത്തി.
2020 ജനുവരി 13 നും 2023 ഏപ്രിൽ 28 നും ഇടയിൽ പാസാക്കിയ 12 ബില്ലുകൾ ഗവർണറുടെ അനുമതിക്കായി കെട്ടിക്കിടക്കുകയാണ്. പബ്ലിക് സർവീസ് കമ്മിഷനിലെ 14 തസ്‌തികകളിൽ 10 എണ്ണവും ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ ഒഴിഞ്ഞുകിടക്കുകയാണെന്നും സംസ്ഥാന സർക്കാരിനായി വാദിച്ച അഭിഭാഷകർ വാദിച്ചു. ഗവർണർ സർക്കാരിന്‍റെ രാഷ്‌ട്രീയ എതിരാളിയായി സ്വയം മാറുകയാണെന്നും സർക്കാർ ഹർജിയിൽ പറഞ്ഞു. വാദം കേട്ട ശേഷം ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ഇതിനുശേഷമാണ് കൂടുതൽ വാദം കേള്‍ക്കാന്‍ ഹർജി നവംബർ 20 ലേക്ക് മാറ്റിയത്.